| Friday, 30th October 2026, 10:45 pm

മാധ്യമം സമരം: ട്രേഡ് യൂണിയന്‍ നേതാക്കളുടെ സത്യഗ്രഹം ശനിയാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനെതിരായ സമരത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതൃത്വത്തില്‍ ദേശീയ-സംസ്ഥാന ട്രേഡ് യൂണിയന്‍ നേതാക്കള്‍ ശനിയാഴ്ച കോഴിക്കോട് മാധ്യമം ആസ്ഥാനത്തിനു മുന്നില്‍ സത്യഗ്രഹം നടത്തും. ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിലെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചു.

‘നിര്‍ബന്ധിത കരാര്‍ വത്കരണത്തിനും നിര്‍ബന്ധിത രാജിക്കും തൊഴിലാളികള്‍ക്കു മേല്‍ സമ്മര്‍ദം ശക്തിപ്പെടുത്തുന്നതിന് മാനേജ്‌മെന്റ് ശമ്പളം ആയുധമാക്കുന്നതിനെതിരെ സെപ്റ്റംബര്‍ മൂന്നിന് സംയുക്ത ട്രേഡ് യൂണിയന്‍ ഐക്യ സമിതി ആഭിമുഖ്യത്തില്‍ കേരള പത്രപ്രവര്‍ത്തക യുണിയന്റെയും കേരള ന്യൂസ് പേപ്പര്‍ എംേപ്ലായീസ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ തുടങ്ങിയ അനിശ്ചിതകാല സമരത്തോട് മാനേജ്‌മെന്റും സര്‍ക്കാറും പുറംതിരിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് സത്യഗ്രഹ സമരം.

കരാര്‍ ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ കൃത്യമായി ശമ്പളം നല്‍കുന്ന മാനേജ്‌മെന്റ് സ്ഥിരം തൊഴിലാളികളെ രാജിക്ക് നിര്‍ബന്ധിതരാക്കുന്നതിന് ശമ്പളം ബോധപൂര്‍വം കുടിശ്ശിക വരുത്തുകയാണ്. ഫെബ്രുവരി ശമ്പളത്തില്‍നിന്ന് നാമമാത്ര വിഹിതം മാത്രമാണ് ഒക്‌ടോബര്‍ അവസാനിക്കുമ്പോഴും തൊഴിലാളിക്ക് ലഭ്യമായിട്ടുള്ളൂ,’ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സി.ഐ.ടി.യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എളമരം കരീം, ദേശീയ സെക്രട്ടറിയും സമരസമിതി കണ്‍വീനറുമായ കെ.എന്‍. ഗോപിനാഥ്, സമര സമിതി ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സെക്രട്ടറി സി.പി. മുരളി, എസ്.ടി.യു അഖിലേന്ത്യ പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, സേവ ദേശീയ ഉപാധ്യക്ഷ ഡോ. സോണിയ ജോര്‍ജ്, എച്ച്.എം.എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ബിജു ആന്റണി, ടി.യു.സി.ഐ സംസ്ഥാന ട്രഷറര്‍ സലിം കുമാര്‍, എച്ച്.എം.കെ.പി സംസ്ഥാന സെക്രട്ടറി എ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും.

മൂന്നാം മാസത്തിലേക്ക്? കടക്കുന്ന സമരം അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി മുന്‍കൈ എടുത്ത് യോഗം വിളിക്കണമെന്നും തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മാനേജ്‌മെന്റിനു കര്‍ക്കശ നിര്‍ദേശം നല്‍കണമെന്നും സമരസമിതി ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖര്‍, കണ്‍വീനര്‍ കെ.എന്‍. ഗോപിനാഥ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.

Content Highlight: Madhyamam Employees Protest-Trade Union Leaders Protest

Latest Stories

We use cookies to give you the best possible experience. Learn more