ഭോപ്പാല്‍: ഗോഹത്യാ നിരോധനം ഏര്‍പ്പെടുത്തിയത് മധ്യപ്രദേശ് സര്‍ക്കാറിന് തലവേദനയാവുന്നു. കര്‍ഷകര്‍ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതാണ് സര്‍ക്കാറിനെ വലയ്ക്കുന്നത്.
അലഞ്ഞുതിരിയുന്ന പശുക്കള്‍ തലവേദനയായതോടെ കര്‍ഷകരില്‍ നിന്നു തന്നെ പിഴയീടാക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.
“പശുക്കളെ ഉപേക്ഷിക്കുന്ന ഉടമസ്ഥരില്‍ നിന്നും പിഴയീടാക്കാനാണ് നിര്‍ദേശം.” മധ്യപ്രദേശ് പശു സംരക്ഷണ ബോര്‍ഡ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ അഖിലേഷ് വര്‍ണന്ദ് പറയുന്നു.
സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധനമാണ് കാലികളെ ഉപേക്ഷിക്കാന്‍ ക്ഷീരകര്‍ഷകരെ നിര്‍ബന്ധിതരാക്കിയത്. നേരത്തെ പശു പാല്‍ തരുതുന്നത് നിര്‍ത്തിയാല്‍ അവയെ കശാപ്പിനായി വില്‍ക്കുമായിരുന്നു. എന്നാല്‍ ഇത്തരം വില്പന ഇപ്പോള്‍ നിയവിരുദ്ധമായതോടെ ഇവയെ പരിപാലിക്കാനുള്ള ചിലവ് താങ്ങാന്‍ കഴിയാതെ കര്‍ഷകര്‍ കാലികളെ തെരുവില്‍ ഉപേക്ഷിക്കുകയാണ്.
ഇതോടെ തെരുവുകളിലും മറ്റും അലഞ്ഞുതിരിയുന്ന പശുക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിരുന്നു. ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ റോഡില്‍ കയറി നിന്ന് ട്രാഫിക് പ്രശ്‌നങ്ങളും മറ്റും സൃഷ്ടിക്കുന്നത് ഇവിടെ പതിവാണ്. അടുത്തിടെ ലാഖിംപൂര്‍ ഖേരിയില്‍ പാടത്ത് അലഞ്ഞുതിരിഞ്ഞ് കൃഷി നശിപ്പിച്ച 250 പശുക്കളെ ഒരു സ്‌കൂളിലിട്ട് പൂട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ട് പോകേണ്ട അവസ്ഥ വന്നിരുന്നു.
കര്‍ഷകര്‍ ലാത്തികൊണ്ടും മുളക് സ്‌പ്രേകൊണ്ടും കാലികളെ ആട്ടിയോടിക്കുന്നതും പതിവാണ്. കൂടാതെ ആഗ്രയില്‍ പശുക്കള്‍ക്കുനേരെ ആസിഡ് ആക്രമണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അലഞ്ഞുതിരിയുന്ന പശുക്കളുടെ ബാധ്യത കര്‍ഷകര്‍ക്കുമേല്‍ കെട്ടിവെക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.