| Thursday, 27th February 2025, 9:18 am

മോദിയും അദാനിയും പങ്കെടുത്ത മധ്യപ്രദേശ് ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ ഭക്ഷണത്തിനായി പിടിവലി; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഫെബ്രുവരി 24-25 തീയ്യതികളിലായി മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന എട്ടാമത് മധ്യപ്രദേശ് ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ ഉച്ച ഭക്ഷണത്തിനായി പരിപാടിയില്‍ പങ്കെടുത്തുവര്‍ പിടിവലി കൂടിയതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ബിസിനസ് ചര്‍ച്ചകള്‍ മറന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പൂരിയും സബ്ജിയും കഴിക്കാന്‍ പരസ്പരം മത്സരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, വ്യവസായ പ്രമുഖന്‍ ഗൗദം അദാനിയും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മില്‍തല്ലിയത്.

ഭക്ഷണത്തിന് വേണ്ടിയുള്ള തിരക്കുകള്‍ക്കിടയില്‍ പ്ലേറ്റുകള്‍ താഴെ വീണ് പൊട്ടുന്നതും ഭക്ഷണ കൗണ്ടറുകള്‍ തകരുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫെബ്രുവരി 25നാണ് ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്തവര്‍ തമ്മില്‍ ഉച്ചഭക്ഷണത്തിനായി തമ്മില്‍തല്ലിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ സംഭവത്തില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് ചില കമന്റുകള്‍. ഭക്ഷണത്തിന് വേണ്ടി രാജ്യത്തെ ജനങ്ങള്‍ പരസ്പരം യുദ്ധം ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

രാജ്യത്തെ സ്ഥിതിഗതികളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാന്‍ പരിപാടിയില്‍ പങ്കെടുത്ത ഇന്‍വെസ്റ്റേഴ്‌സിന് ഈ ദൃശ്യങ്ങള്‍ സഹായകമാകുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണം കഴിക്കാനായി നിക്ഷേപകരെന്ന വ്യാജേന എത്തിയവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

30 ലക്ഷം കോടി രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ് ലക്ഷ്യമിട്ടാണ് മധ്യപ്രദേശ് സര്‍ക്കാര്‍ എട്ടാമത് ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്. ഭക്ഷണ കൗണ്ടറിലെ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാനം പ്രതീക്ഷിച്ച ചില ബിസിനസ് ഡീലുകള്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റിന്റെ ഭാഗമായി നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസൂത്രണത്തിലെ പിഴവാണോ ഒരു നിമിഷത്തെ സമ്മര്‍ദത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുള്ള അന്വേഷണങ്ങള്‍ നടക്കുന്നതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

CONTENT HIGHLIGHTS: Madhya Pradesh Investors Meet Attended by Modi and Adani Grab For Food; Video

We use cookies to give you the best possible experience. Learn more