ഭോപാല്‍: മോദിയുടെ ആത്മവിശ്വാസം ഗണ്യമായി കുറഞ്ഞുവെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമല്‍നാഥ്. സംസ്ഥാനത്തെ ധനകമ്മി പരിഹരിക്കുന്നതും ജി.എസ്.ടി ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രിയുടെ നയങ്ങളുടെ പരാജയങ്ങള്‍ തുറന്നു കാട്ടുന്നതിലും ആകും മുന്‍ഗണന എന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോള്‍ മധ്യ പ്രദേശില്‍ നിലനില്‍ക്കുന്ന ധനകമ്മിയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. വളരെ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടുവന്നെങ്കില്‍ മാത്രമേ സംസ്ഥാനത്തിന്റെ ഉയര്‍ച്ചക്കായി വിഭവങ്ങള്‍ സമാഹരിക്കാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെടുന്നവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളാണ് നാഥ്. 9 തവണ ലോക്‌സഭാ എം.പി ആയിരുന്ന ആളാണ് കമല്‍നാഥ്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖം തുറന്ന് കാണിക്കും എന്നും കമല്‍നാഥ് പറഞ്ഞു. ജി.എസ്.ടി പോലെയുള്ള പരിഷ്‌കരണങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തും. നോട്ട് റദ്ദാക്കിയ നടപടി ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു.
മോദിയുടെ ആത്മവിശ്വാസം ഗണ്യമായി കുറഞ്ഞു കഴിഞ്ഞു. സി.ബി.ഐ, ആര്‍.ബി.ഐ പോലുള്ള ഏജന്‍സികളും ഇപ്പോള്‍ വിഭജിച്ചു കഴിഞ്ഞു. മോദിയുടെ ഭരണത്തില്‍ സമൂഹം തന്നെ വിഭജിച്ചു.
സെമി ഫൈനലായി ഈ തെരഞ്ഞെടുപ്പിനെ കണ്ടില്ലെന്നും നാഥ് പറഞ്ഞു. ബി.ജെ.പി യുടെ പരാജയം സംസ്ഥാനത്ത് ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.