| Sunday, 3rd May 2026, 12:05 pm

മധ്യപ്രദേശ് ബർഗി ഡാം ബോട്ട് അപകടം; മരണം 12 ആയി, തിരച്ചിൽ ഇപ്പോഴും തുടരുന്നു

മുഹമ്മദ് നബീല്‍

ജബൽപുർ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബർഗി ഡാം ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് അഞ്ച് വയസ്സുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. കാണാതായ ഒരാൾക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

കാണാതായ ഖമരിയയിലെ ഓർഡനൻസ് ഫാക്ടറി ജീവനക്കാരനായ കാമരാജിനായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് ബർഗി പോലീസ് പി.ടി.ഐയോട് പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. അപകടത്തിൽ പെട്ട ബോട്ട് 20 വർഷം പഴക്കമുണ്ട്, സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ളതാണ് ബോട്ട്.

ആഗ്രയിൽ നിന്നുമെത്തിയ 20 സൈനിക മുങ്ങൽ വിദഗ്ദ്ധന്മാരുൾപ്പടെ ഇരുനൂറിലധികം രക്ഷാപ്രവർത്തകരാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പ്രാദേശിക മുങ്ങൽ വിദഗ്ദ്ധന്മാർ എന്നിവരും ഇവർക്കൊപ്പമുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 40 മുതൽ 50 അടി വരെ ആഴമുള്ള ഭാഗങ്ങളിലാണ് ഇവർ പരിശോധന നടത്തുന്നത്.

ആകെയുണ്ടായിരുന്ന 41 ൽ 28 പേരെയും രക്ഷപെടുത്തിയെന്ന് പൊലീസ് അറിയിച്ചു. ബോട്ട് യാത്ര തുടങ്ങുന്നിടത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ 43 പേർ ബോട്ടിൽ കയറുന്നതായി കാണുന്നുണ്ട് എന്നാൽ 41 യാത്രക്കാരുടെ വിവരങ്ങൾ മാത്രമേ ഇതുവരെ സ്ഥിരീകരിക്കാനായിട്ടുള്ളു.

സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമാനമായ മറ്റ് ബോട്ടുകളുടെ സർവീസുകൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Madhya Pradesh Bargi Dam boat accident; Death toll rises to 12, search still on

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more