| Wednesday, 17th June 2026, 6:00 pm

എനിക്ക് ലാലേട്ടനെ കാണണമെന്നുണ്ട്, യോദ്ധയ്ക്ക് ശേഷം അദ്ദേഹത്തെ കാണാന്‍ സാധിച്ചിരുന്നില്ല: മധുബാല

അശ്വിന്‍ രാജേന്ദ്രന്‍

1992ല്‍ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടറായി ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് പരിചിതയായ അഭിനേത്രിയാണ് മധുബാല. തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം തുടങ്ങി ഇന്ത്യയിലെ മുന്‍നിര സിനിമാ മേഖലകളിലെല്ലാം സജീവമായ താരം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വര്‍ഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിന്ന ചിന്ന ആസൈ.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയില്‍ മോഹന്‍ലാലിന്റെ നായികയായി മധുബാല വേഷമിട്ടിരുന്നു. ചിത്രത്തില്‍ അശ്വതി എന്ന കഥാപാത്രമായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. 1991ല്‍ പുറത്തിറങ്ങിയ നീലഗിരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും താരം മലയാളത്തിലെത്തിയിരുന്നു.

യോദ്ധ. Photo: Vramonline

ചിന്ന ചിന്ന ആസൈയുടെ ഭാഗമായി റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വീണ്ടും കാണാന്‍ ആഗ്രഹമുണ്ട് എന്ന് മധുബാല പറഞ്ഞിരുന്നു. ഇരുവരോടൊപ്പവും അഭിനയിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.

‘ഞാന്‍ ലാലേട്ടനോട് സംസാരിച്ചിട്ട് ഒരുപാട് കാലമായി. കാരണം യോദ്ധ ചെയ്യുമ്പോള്‍ എനിക്ക് വളരെ ചെറിയ പ്രായമായിരുന്നു. അന്നെനിക്ക് മലയാളം മനസിലാകുകയേ ഇല്ലായിരുന്നു. ഇപ്പോള്‍ എനിക്ക് പൂര്‍ണമായും മനസിലാകും. പക്ഷേ അന്നദ്ദേഹം എന്നെ വളരെയധികം ശ്രദ്ധയോടെയും കരുതലോടെയുമാണ് നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ എനിക്കദ്ദേഹത്തെ കാണണമെന്നുണ്ട്. ഇപ്പോള്‍ ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അതുപോലെ തന്നെ മമ്മൂക്കയെയും കാണണമെന്നുണ്ട്. നീലഗിരിയിലും യോദ്ധയിലും അഭിനയിച്ച ശേഷം ഞാനവരെ കണ്ടിട്ടേയില്ല,’ മധുബാല പറഞ്ഞു.

ചിന്ന ചിന്ന ആസൈ. Photo: IMDB

വാരാണാസിയെ പശ്ചാത്തലമാക്കി വര്‍ഷ വാസുദേവ് സംവിധാനം ചെയ്ത് ജൂണ്‍ 19ന് പുറത്തിറങ്ങുന്ന ചിന്ന ചിന്ന ആസൈ. മധുബാലയുടെ നായകനായി ഇന്ദ്രന്‍സ് വേഷമിടുന്ന ചിത്രത്തില്‍ ജാഫര്‍ സാദിഖ്, തമ്പി രാമയ്യ, അപര്‍ണ ബാലമുരളി, വിഷ്ണു അഗസ്ത്യ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Madhubala talks about her wish to see Mohanlal and Mammootty again

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more