| Saturday, 6th September 2025, 2:10 pm

മലയാള സിനിമകളാണ് ഹിന്ദിയില്‍ പലരും കോപ്പി ചെയ്യുന്നത്: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മധുബാല. അഴകന്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടി ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

മണി രത്‌നത്തിന്റെ സംവിധാനത്തില്‍ എത്തിയ റോജ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. യോദ്ധ, നീലഗിരി തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മധുബാല.

‘അന്ന് മലയാള സിനിമകള്‍ ചെയ്യുമ്പോള്‍ എനിക്ക് മലയാള ഭാഷ വളരെ ഡിഫികള്‍ട്ടായിരുന്നു. ഇപ്പോഴും എനിക്ക് ബുദ്ധിമുട്ടാണ്. പക്ഷേ അപ്പോള്‍ തിരക്കഥയൊക്കെ വായിക്കുന്ന സമയത്ത് ആകെ ഒരു ടെന്‍ഷനിലാകും. ഇപ്പോള്‍ എനിക്കങ്ങനെയുള്ള ടെന്‍ഷനൊന്നും ഇല്ല.

ഞാന്‍ ഇപ്പോള്‍ മനസിലാക്കിയ ഒരു കാര്യം മലയാള സിനിമകളാണ് ഏറ്റവും മികച്ച സ്റ്റോറി കൊണ്ടുവരുന്നത്. അതുകൊണ്ട് എനിക്ക് ഇനിയും നല്ല സിനിമകള്‍ ചെയ്യണം. ഇവിടെയുള്ള കഥകളാണ് ഹിന്ദിയില്‍ പലരും കോപ്പി ചെയ്യുന്നത്, അല്ലെങ്കില്‍ ഇന്‍സ്പയര്‍ ചെയ്യുന്നത്. വേറെ ഒരു ട്രെന്‍ഡ് എന്താണെന്ന് വെച്ചാല്‍ മലയാളി ആക്ടേഴ്‌സിനാണ് നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നത്. മലയാള സിനിമ ചെയ്താല്‍ എനിക്കും നാഷണല്‍ അവാര്‍ഡ് ലഭിക്കും,’ മധുബാല പറയുന്നു.

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച ഓര്‍മകളും നടി പങ്കുവെച്ചു.

‘മമ്മൂട്ടി സാറിന്റെ കൂടെ ഞാന്‍ രണ്ട് സിനിമകള്‍ ചെയ്തു. ഒന്ന് അഴകനും മറ്റൊന്ന് നീലഗിരിയും. അഴകനായിരുന്നു എന്റെ ആദ്യ സിനിമ. മമ്മൂട്ടി സാറിനോട് ഞാന്‍ അങ്ങനെ ഫ്രണ്ട്‌ലിയായി സംസാരിച്ചിരുന്നില്ല. പക്ഷേ മോഹന്‍ലാല്‍ സാര്‍ വളരെ ഫ്രണ്ട്‌ലിയായിരുന്നു. ഷൂട്ടിങ്ങ് സമയത്താണെങ്കിലും അദ്ദേഹം നല്ല ഹെല്‍പ്പ്ഫുളും അതുപോലെ ഫ്രണ്ട്‌ലിയുമായിരുന്നു,’ മധുബാല പറയുന്നു.

Content highlight: Madhubala  talking about Malayalam films

We use cookies to give you the best possible experience. Learn more