| Monday, 8th September 2025, 12:52 pm

ഇത്ര സിനിമകളില്‍ അഭിനയിച്ചിട്ടും റോജാ ഗേള്‍ എന്ന് മാത്രം വിളിച്ചപ്പോള്‍ എനിക്ക് ദേഷ്യം തോന്നി: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമാണ് മധുബാല. യോദ്ധ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് മധുബാലയെ സുപരിചിതമാണ്. തന്റെ കരിയറില്‍ ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയിച്ച നടി എന്നാല്‍ റോജ എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ അറിയപ്പെടുന്നത്.

മധുബാലയെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും ഓര്‍ക്കുന്നത് റോജയിലെ വേഷമാണ്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ സിനിമയാണ് റോജ. ചിത്രത്തില്‍ അരവിന്ദ് സ്വാമിയും മധുബാലയും അഭിനയിച്ചിരുന്നു. ഇപ്പോള്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റോജ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മധുബാല.

‘റോജ ഞാന്‍ ചെയ്തിട്ട 33 വര്‍ഷങ്ങളായി. ശരിയാണ് എന്നെ പറ്റി പറയുമ്പോള്‍ റോജ സിനിമയില്ലാതെ ആരും ഒന്നും പറയില്ല. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പക്ഷേ ആദ്യമൊക്കെ ആ സിനിമയേ പറ്റി മാത്രം പറയുമ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു.

റോജ റിലീസായത് 1992ലാണ്, ഞാനൊരു 1999വരെയാണ് സിനിമയില്‍ ഉണ്ടായിരുന്നത്. പിന്നെ എന്റെ കല്യാണമായി. അതിനിടക്ക് ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തു. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും തമിഴിലുമൊക്ക നിരവധി സിനിമകള്‍ ചെയ്തു,’ മധുബാല പറയുന്നു.

എന്നാല്‍ താന്‍ എവിടെ പോകുകയാണെങ്കിലും എല്ലാവരും റോജാ ഗേള്‍, റോജാ ഗേള്‍ എന്ന് പറയുമെന്നും അപ്പോള്‍ തനിക്ക് നല്ല ദേഷ്യം തോന്നിയിരുന്നുവെന്നും നടി പറഞ്ഞു. ഇത്രയും സിനിമകള്‍ ചെയ്തിട്ട് എന്തുകൊണ്ടാണ് റോജ സിനിമയുടെ കാര്യം തന്നെ പറയുന്നതെന്ന് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും മധുബാല കൂട്ടിച്ചേര്‍ത്തു.

‘എന്നാല്‍ ഈ മുപ്പത്തിമൂന്ന് വര്‍ഷത്തില്‍ പതിനഞ്ച് വര്‍ഷം കാലം ഞാന്‍ സിനിമയിലേ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇപ്പോഴും ആ കഥാപാത്രത്തെ ഓര്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു,’ മധുബാല പറഞ്ഞു.

Content highlight: Madhubala says she used to get angry when others only talked about the movie Roja

We use cookies to give you the best possible experience. Learn more