| Thursday, 15th January 2026, 10:36 pm

അന്നത്തെ എന്റെ അഭിനയം മോശമാണെന്ന് തോന്നി; സര്‍വ്വം മായയില്‍ എത്തിയത് നിമിത്തം പോലെ: മധു വാര്യര്‍

ഐറിന്‍ മരിയ ആന്റണി

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഒരു സമയത്ത് തിളങ്ങി നിന്ന നടനാണ് മധു വാര്യര്‍. 2004ല്‍ പുറത്തിറങ്ങിയ വാണ്ടഡ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ നേരറിയാന്‍ സി.ബി.ഐ, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, ഹലോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ബിജു മേനോനെ നായകനാക്കി 2022ല്‍ ലളിതം സുന്ദരം എന്ന സിനിമ സംവിധാനം ചെയ്തു. നീണ്ട 13വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വ്വം മായയിലൂടെയാണ് മധു വാര്യര്‍ വീണ്ടും അഭിനയിത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിനയത്തില്‍ നിന്ന് താന്‍ ബ്രേക്ക് എടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് മധു വാര്യര്‍.

‘സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്. ലളിതം സുന്ദരം ചെയ്യാനൊക്കെയായി ഞാന്‍ ഒരു ബ്രക്ക് എടുത്തതാണ്. പക്ഷേ എല്ലാവരും വിചാരിച്ചു ഞാന്‍ ഇനി തീരെ അഭിനയിക്കുന്നില്ല എന്ന്. ഞാന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമ ഹൃദയപൂര്‍വ്വം എഴുതിയ സോനുവാണ് എഴുതുന്നത്.

എന്റെ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് കഴിഞ്ഞപ്പോഴാണ്, സത്യന്‍ സാര്‍ ഹൃദയപൂര്‍വ്വത്തിനായി സോനുവിനെ വിളിക്കുന്നത്. അവിടെ ചെന്നപ്പോള്‍ ഏത് സിനിമയ്ക്കാണ് തിരക്കഥയെഴുതുന്നതെന്ന് ചോദിച്ചു. എന്റെ പേര് സോനു പറഞ്ഞു. അപ്പോഴാണ് അങ്ങനെ ഒരാളുണ്ടല്ലോ എന്ന് അഖില്‍ ഓര്‍ക്കുന്നതും സര്‍വ്വം മായയിലേക്ക് എന്നെ വിളിക്കുന്നതും. അതെനിക്ക് ഒരു നിമിത്തം പോലെയാണ് തോന്നിയത്,’ മധു വാര്യര്‍ പറയുന്നു.

തന്റെ അഭിനയം മുമ്പുള്ള സിനിമകളില്‍ മോശമായിരുന്നുവെന്നും ഒരു സിനിമ സംവിധാനം ചെയ്ത് കഴിഞ്ഞപ്പോഴാണ് ഒരു ആര്‍ട്ടിസ്റ്റില്‍ നിന്ന് എല്ലാവരും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തനിക്ക് തോന്നി തുടങ്ങിയതെന്നും മധു വാര്യര്‍ പറഞ്ഞു.

സര്‍വ്വം മായയില്‍ അതുകൊണ്ട് തനിക്ക് കുറച്ച് എളുപ്പത്തില്‍ കയറാന്‍ കഴിഞ്ഞുവെന്നും ഒരു സിനിമ സംവിധാനം ചെയ്തതു കൊണ്ടാണ് അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിഞ്ഞതെന്നാണ് താന്‍ വിശ്വസിക്കുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിയ ഷിബു, അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ക്രിസ്മസ് റിലീസായെത്തിയ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടിയായിരുന്നു. നിവിന്‍ പോളിയുടെ കം ബാക്ക് എന്നാണ് സര്‍വ്വം മായയെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

Content Highlight: Madhu Warrier  talking about taking a break from acting

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more