ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് മധു വാര്യര്‍. മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യറുടെ സഹോദരന്‍ കൂടിയാണ് അദ്ദേഹം. ലളിതം സുന്ദരം എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ച മധു നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വ്വം മായ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചുവന്നു.
മധു വാര്യര്‍ Photo: Screen grab/ cue studio
നിവിന്‍ പോളിയുടെ സഹോദരനായാണ് മധു വാര്യര്‍ സര്‍വ്വം മായയില്‍ വേഷമിട്ടത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സര്‍വ്വം മായയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മധു വാര്യര്‍.
‘അഖില്‍ എന്നെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത്, അഭിനയിക്കുന്നതില്‍ ടച്ചൊക്കെ പോയി. ചീത്ത പറയരുത് എന്നാണ്. അഖില്‍ അപ്പോള്‍ പറഞ്ഞത്, ചേട്ടന്‍ വന്ന് നിന്നാല്‍ മതിയെന്നാണ്. നമ്പൂതിരി ഭാഷ എങ്ങനെ പറയാമെന്ന് മാത്രമെ ഞാന്‍ ചിന്തിച്ചുള്ളു. അത് മാത്രം ഒന്ന് പ്രിപ്പേയര്‍ ചെയ്തു, മറ്റ് കാര്യങ്ങളൊക്കെ സെറ്റില്‍ വന്നതിന് ശേഷമാണ് അഖില്‍ വിവരിച്ച് തന്നത്.
അവിടെ എത്തിയപ്പോഴാണ് സിങ്ക് സൗണ്ടാണെന്ന് മനസിലാകുന്നത്. അപ്പോള്‍ ഒന്നുകൂടി കിളി പോയി. ഇതുവരെ സിങ്ക് സൗണ്ട് ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ട് നല്ല ടെന്‍ഷനായിരുന്നു. കാരവാനില്‍ വന്ന് അഖില്‍ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു.
അമ്പലത്തില്‍ നിന്ന് അജുവിന്റെയൊപ്പം വരുന്ന ഒരു ഷോട്ടായിരുന്നു എനിക്ക് ആദ്യം ചെയ്യാന്‍ ഉണ്ടായിരുന്നത്. പിന്നെ കുറച്ച് ദിവസം ഗ്യാപ്പ് വന്നതിന് ശേഷം എടുത്തത് സിങ്കിള്‍ ടേക്കായിരുന്നു. അത് കുറെ ടേക്ക് പോയി,’ മധു വാര്യര്‍ പറയുന്നു.
ലോകം മുഴുന്‍ ഓടി നടന്ന് പൂജ നടത്തുന്ന നമ്പൂതിരി എന്നായിരുന്നു അഖില്‍ സത്യന്‍ തന്റെ കഥാപാത്രത്തിന് തന്ന ബ്രീഫെന്നും കുടുംബത്തില്‍ രണ്ട് പേര്‍ക്കാണ് സിനിമയില്‍ നിവിനോട് അടുപ്പമുള്ളതെന്നും, ഒന്ന് ജനാര്‍ദനനും ഒന്ന് തനിക്കുമായിരുന്നുവെന്നും മധു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിയ ഷിബു, അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ക്രിസ്മസ് റിലീസായെത്തിയ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടിയായിരുന്നു. നിവിന്‍ പോളിയുടെ കം ബാക്ക് എന്നാണ് സര്‍വ്വം മായയെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
Content Highlight: Madhu Warrier on the movie Sarvam Maya