| Tuesday, 13th January 2026, 5:29 pm

കണ്ണ് ചിമ്മാതെ ഇരുന്നോ പെട്ടെന്ന് വന്ന് പോകും; സര്‍വ്വം മായയിലെ പ്രകടനത്തിന് കിട്ടിയ പ്രശംസയെക്കുറിച്ച് മധു വാര്യര്‍

അശ്വിന്‍ രാജേന്ദ്രന്‍

യുവസംവിധായകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളിയും അജു വര്‍ഗീസും പ്രധാനവേഷത്തിലെത്തി തിയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുന്ന ചിത്രമാണ് സര്‍വ്വം മായ. വലിയ ഇടവേളക്ക് ശേഷം നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവ് എന്ന നിലയിലും ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ക്രിസ്മസ് റിലീസായെത്തിയ സര്‍വ്വം മായ പത്ത് ദിവസം കൊണ്ട് നൂറു കോടിയെന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

മധുവും മഞ്ജു വാര്യരും. Photo:OTT Play

ബോക്‌സ് ഓഫീസിലേക്കുള്ള നിവിന്റെ ശക്തമായ മടങ്ങിവരവിനൊപ്പം മലയാളത്തിലെ മറ്റൊരു നടന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരം നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്.

മലയാളത്തിലെ സൂപ്പര്‍ താരം മഞ്ജു വാര്യരുടെ സഹോദരന്‍ കൂടിയായ മധു വാര്യര്‍ക്ക് സര്‍വ്വം മായയിലെ പ്രകടനത്തിന് ശേഷം മഞ്ജുവില്‍ നിന്നടക്കം കിട്ടിയ പ്രശംസയെക്കുറിച്ച് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പലരോടും ചിത്രത്തില്‍ ചെറിയ വേഷമാണെന്ന് പറഞ്ഞ താരത്തിന് പ്രദര്‍ശനത്തിന് ശേഷം വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്.

‘ഞാന്‍ നാല് സീനില്‍ മാത്രമേ ഉള്ളൂ, കാണാന്‍ പോകുമ്പോള്‍ എന്റെ ഫ്രണ്ട്‌സിനോടെല്ലാം പറഞ്ഞത് കണ്ണ് ചിമ്മാതെ ഇരുന്നോ പെട്ടെന്ന് വന്നു പോകും എന്നാണ്. പക്ഷേ കണ്ടു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ഉഗ്രന്‍ ക്യാരക്ടര്‍ ആണല്ലോ ഇതാണോ നീ കുറച്ചേ ഉള്ളൂ എന്ന് പറഞ്ഞത് എന്നാണ്. ചിത്രത്തില്‍ അത്തരത്തിലായിരുന്നു എന്റെ ക്യാരക്ടറിന്റെ പ്ലേസ്‌മെന്റ്.

മധു വാര്യര്‍. Photo: screen grab/ cue studio/ youtube.com

മഞ്ജുവിന്റെ റെസ്‌പോണ്‍സ് വളരെ സ്‌പെഷ്യലായിരുന്നു, വലിയ ഇംപ്രൂവ്‌മെന്റ് ഉണ്ടെന്നാണ് മഞ്ജു പറഞ്ഞത്. ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരുടെയും പ്രതികരണങ്ങള്‍ അപ്രതീക്ഷിതമായിരുന്നു’ മധു പറയുന്നു.

സ്വന്തം ലേഖകന്‍, മായമോഹിനി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ മധു വാര്യര്‍ ബിജു മേനോനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലളിതം സുന്ദരം 2022 ല്‍ തിയേറ്ററുകളിലെത്തിയിരുന്നു. പഴയകാല മലയാള സിനിമകളില്‍ സജീവമായിരുന്ന താരം ഹലോ, നേരറിയാന്‍ സി.ബി.ഐ, സ്പീഡ് ട്രാക്ക്, ഭരത്ചന്ദ്രന്‍ ഐ.പി.എസ് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു.

Content Highlight: Madhu warier talks about responses he got after release of sarvam maya movie release including from his sister Manju warier

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more