| Monday, 25th May 2026, 4:07 pm

മധു കൊലപാതകം: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അട്ടപ്പാടിയില്‍, ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി വര്‍ധിപ്പിച്ചു. മധുവിന്റെ അമ്മ മല്ലിയ്ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് ഇപ്പോള്‍ ജീവപര്യന്തമായി വര്‍ധിപ്പിച്ചത്. ഏഴ് വര്‍ഷം തടവിനായിരുന്നു കീഴ്‌ക്കോടതി ഇവരെ ശിക്ഷിച്ചത്.

പതിനാറാം പ്രതി മുനീറിന്റെ ശിക്ഷ കോടതി ഒരു വര്‍ഷമായും ദീര്‍ഘിപ്പിച്ചു. മൂന്ന് മാസമായിരുന്നു കീഴ്‌ക്കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി വര്‍ധിപ്പിക്കണമെന്നും വിട്ടയച്ചവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരും മധുവിന്റെ കുടുംബവും നല്‍കിയ അപ്പീലുകളിലാണ് കോടതിയുടെ നടപടി. അതേസമയം കേസിലെ കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ കോടതി റദ്ദാക്കി. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജിയിലായിരുന്നു നടപടി.

പ്രതികളുടെ ഹരജിയാണ് കോടതി ഇന്ന് ആദ്യം പരിഗണിച്ചത്. ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി മറ്റ് പ്രതികളുടെ ശിക്ഷാ നടപടി ശരിവച്ചിരുന്നു.

ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

2023ലായിരുന്നു കേസില്‍ വിചാരണ കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവായിരുന്നു കോടതി വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴ ശിക്ഷയും വിധിച്ചിരുന്നു.

കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു 2023ല്‍ കോടതി വിധിച്ചത്. ആദ്യ ഘട്ടത്തില്‍ 16 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. അതില്‍ രണ്ട് പ്രതികളെ കോടതി പിന്നീട് വെറുതെ വിട്ടിരുന്നു. നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുല്‍ കരീം എന്നിവരെയായിരുന്നു അന്ന് കോടതി വെറുതെ വിട്ടത്.

കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു 2023ല്‍ കേസില്‍ വിധി പ്രഖ്യാപിച്ചത്. 2022 ഏപ്രിലിലായിരുന്നു കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. 103 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറുമാറിയിരുന്നു.

അട്ടപ്പാടിയില്‍ 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. രണ്ട് തവണ കേസില്‍ പ്രോസിക്യൂട്ടര്‍മാരെ മാറ്റിയിരുന്നു.

Content Highlight: Madhu Murder Case- Kerala High Court Verdict

We use cookies to give you the best possible experience. Learn more