| Monday, 27th July 2026, 8:41 pm

കുമ്പളങ്ങി നൈറ്റ്‌സ് കഴിഞ്ഞിട്ട് പിന്നെ ഇപ്പോഴാ കാണുന്നത്, ഏഴ് വര്‍ഷത്തിനിപ്പുറം പുതിയ സിനിമയുമായി മധു സി. നാരായണന്‍, നായകന്‍ നസ്‌ലെന്‍

അമര്‍നാഥ് എം.

മലയാളത്തിന്റെ മോഡേണ്‍ ഡേ ക്ലാസിക് എന്ന് കണ്ണുംപൂട്ടി വിശേഷിപ്പിക്കാവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മറ്റ് ഭാഷയിലെ സിനിമാപ്രേമികള്‍ക്ക് ധൈര്യപൂര്‍വം സജസ്റ്റ് ചെയ്യാവുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഇന്നും പലരുടെയും ഫേവറെറ്റാണ്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ നവാഗതനായ മധു സി. നാരായണനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി. നാരായണന്റെ പേര് പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഒരു ക്ലാസിക് ചിത്രം സമ്മാനിച്ചിട്ട് എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷനായി എന്നായിരുന്നു പലരും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ചിത്രവുമായി വരികയാണ് മധു സി. നാരായണന്‍.

തന്റെ പുതിയ പ്രൊജക്ട് അദ്ദേഹം അനൗണ്‍സ് ചെയ്തു. അതിരടി, കരിക്ക് ഫിലിം തുടങ്ങിയ പ്രൊജക്ടുകളുടെ നിര്‍മാതാവായ അനന്തു എസ് ആണ് ഈ ചിത്രത്തിന്റെയും നിര്‍മാതാവ്. ഇരുവരും ചേര്‍ന്നാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയത്. മലയാളത്തിന്റെ പുത്തന്‍ സെന്‍സേഷന്‍ നസ്‌ലെനാണ് ചിത്രത്തിലെ നായകന്‍. മധു സി. നാരായണന്‍, നസ്‌ലെന്‍, അനന്തു എന്നിവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായി മാറി.

കുമ്പളങ്ങി നൈറ്റ്‌സില്‍ നിന്ന് വ്യത്യസ്തമായ ഴോണറിലാകും മധു സി. നാരായണന്‍ പുതിയ ചിത്രമൊരുക്കുക. മ്യൂസിക്കല്‍ ഴോണറാണെന്ന് ചില അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ചിത്രത്തിലെ നായിക, മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ വഴിയേ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചേക്കും.

നിലവില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ തിരക്കിലാണ് നസ്‌ലെന്‍. ക്യാമറക്ക് മുന്നില്‍ ഓരോ നടന്മാരെയും സ്‌റ്റൈലിഷായി അവതരിപ്പിക്കുന്ന അമലിന്റെ ഫ്രെയിമില്‍ നസ്‌ലെന്‍ തകര്‍ക്കുമെന്ന് ഉറപ്പാണ്. സൂര്യ- ജിത്തു മാധവന്‍ കോമ്പോയിലൊരുങ്ങുന്ന സൂര്യ 47ലൂടെ തമിഴ് എന്‍ട്രിയും നസ്‌ലെന്‍ നടത്തുന്നുണ്ട്.

ഇതിന് പിന്നാലെ നായകനായി മധു സി. നാരായണന്റെ പ്രൊജക്ടും നസ്‌ലെന്റെ കരിയറില്‍ വലിയ മൈലേജ് നല്‍കുമെന്ന് ഉറപ്പാണ്. മോളിവുഡ് ടൈംസിലൂടെ തന്നിലെ നടന്റെ റേഞ്ച് വ്യക്തമാക്കിയ നസ്‌ലെന്‍ ഇനിയും വിസ്മയിപ്പിക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. നടനായും സ്റ്റാറായും നസ്‌ലെന്‍ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാനൊരുങ്ങുകയാണ്.

Content Highlight:  Madhu C Narayanan announced his next project starring Naslen

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more