| Monday, 9th March 2026, 3:00 pm

വൈശാലി റീ സ്റ്റോർ ചെയ്യേണ്ടേ സിനിമ; എന്നാൽ രാമചന്ദ്രന്റെ മിസിസ് സമ്മതിച്ചില്ല: മധു അമ്പാട്ട്

നന്ദന എം.സി

മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന വൈശാലി വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ചിത്രം റീസ്റ്റോർ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും നിർമാതാവിന്റെ കുടുംബം സമ്മതിച്ചില്ലെന്ന് പറയുകയാണ് ഛായാഗ്രാഹകൻ മധു അമ്പാട്ട്.

ഭരതൻ സംവിധാനം ചെയ്ത ഈ ചിത്രം എം. ടി. വാസുദേവൻ നായർ എഴുതിയ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭരതനും എം.ടി.യും ആദ്യമായി ഒന്നിച്ച സിനിമയായതിനാൽ തന്നെ മലയാള സിനിമയുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് വൈശാലിക്കുള്ളത്.

എം.ടി.യുടെ ശക്തമായ തിരക്കഥയും ഓരോ ഫ്രെയിമിലും ഭരതന്റെ ദൃശ്യസൗന്ദര്യവും മധു അമ്പാട്ടിന്റെ ക്യാമറ മികവും ഒത്തുചേർന്ന ചിത്രമായിരുന്നു ഇത്. കൂടാതെ ഒ.എൻ.വി. കുറുപ്പ് – ബോംബെ രവി കൂട്ടുകെട്ടിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകർ ഓർക്കുന്നവയാണ്.

വൈശാലി, Photo: YouTube/ Screengrab

ചിത്രത്തിൽ ഋഷ്യശൃംഗനായി സഞ്ജയ് മിത്രയും വൈശാലിയായി സുപർണ ആനന്ദും അതി മനോഹരമായ അഭിനയമാണ് കാഴ്ച വെച്ചത്. കൂടാതെ നെടുമുടി വേണു, പാർവതി, അശോകൻ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം. എം. രാമചന്ദ്രൻ ആണ് ചിത്രം നിർമിച്ചത്.

ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മധു അമ്പാട്ട് ചിത്രം റീ സ്റ്റോർ ചെയ്യാൻ ശ്രമിച്ചിരുന്നു എന്നതിനെക്കുറിച്ച് പറഞ്ഞത്.

‘വൈശാലി റീസ്റ്റോർ ചെയ്യേണ്ട ഒരു വർക്കാണ്. അമരം റീസ്റ്റോർ ചെയ്തിരുന്നല്ലോ. അതുപോലെ വൈശാലിയും റീസ്റ്റോർ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. പക്ഷേ നിർമാതാവായ രാമചന്ദ്രന്റെ മിസിസ് അതിന് സമ്മതിക്കുന്നില്ല. എന്താണ് കാരണം എന്നറിയില്ല. അദ്ദേഹത്തിന്റെ മകളോട് സംസാരിച്ചപ്പോൾ അമ്മ സമ്മതിക്കുന്നില്ല എന്നാണ് പറഞ്ഞത്,’ എന്നാണ് മധു അമ്പാട്ടിന്റെ വാക്കുകൾ.

വൈശാലി, Photo: YouTube/ Screengrab

ചിത്രത്തിന്റെ ദൃശ്യശൈലിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വൈശാലിയുടെ ആദ്യഭാഗങ്ങളിൽ പച്ചയും നീലയും നിറങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും, ഭരതൻ മനസിൽ കണ്ടിരുന്ന ദൃശ്യഭാവം തനിക്ക് വ്യക്തമായി മനസ്സിലായിരുന്നുവെന്നും മധു അമ്പാട്ട് കൂട്ടിച്ചേർത്തു.

വിഭാണ്ഡകൻ മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് അംഗരാജ്യത്തിലേക്ക് എത്തിച്ച് കടുത്ത വരൾച്ച അവസാനിപ്പിക്കാൻ മഴ പെയ്യിക്കുക എന്ന ദൗത്യവുമായി വൈശാലി എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.

വർഷങ്ങൾക്കിപ്പുറവും മലയാളികളുടെ നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന സിനിമകളിൽ ഒന്നായി വൈശാലി ഇന്നും തുടരുകയാണ്. ചിത്രത്തിന്റെ റീ റിലീസ് ഉണ്ടങ്കിൽ വീണ്ടും തിയേറ്ററിൽ ജന തിരക്കായിരിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Content Highlight: Madhu Ambat talks about the movie Vaishali

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more