മലയാളത്തില്‍ മികച്ച ഛായാഗ്രാഹകരുടെ പട്ടികയില്‍, എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് മധു അമ്പാട്ട്. ഭരതന്‍, മണിരത്‌നം, ലെനിന്‍ രാജേന്ദന്‍, തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മൂന്ന് സിനിമയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും മധു അമ്പാട്ട് സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത അദ്ദേഹം മിണ്ടിയും പറഞ്ഞും എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവന്നു.
ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ മണിരത്‌നത്തെ കുറിച്ചും ഭരതനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
‘മണിരത്‌നം വളരെ സെന്‍സിബിളായ സംവിധായകനാണ്. സിനിമയുടെ വിഷ്വല്‍സിന് ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണ്. സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചില ആംഗിളുകള്‍ മണിരത്‌നം സജസ്റ്റ് ചെയ്യാറുണ്ട്, പക്ഷേ നരേറ്റീവ്‌ന് മാച്ച് ആകാതെ വരും. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ട്. ആ സാഹചര്യത്തിന് ചേരുന്ന ഒരു ആംഗിളല്ല അത് എന്ന്. അത്തരത്തില്‍ സംസാരിക്കാനുള്ള ഒരു ഫ്രീഡം എനിക്ക് മണിരത്‌നവുമായി ഉണ്ട്.
ഞാന്‍ ഏതെങ്കിലും സജഷന്‍ അങ്ങോട്ട് പറയുകയാണെങ്കില്‍ അദ്ദേഹം മാറ്റാറൊക്കെയുണ്ട്. ഭരതനോടാണെങ്കില്‍ സംസാരിക്കേണ്ട ആവശ്യമില്ല. അദ്ദേഹം മനസില്‍ എന്ത് ഫ്രെയ്മാണ് കാണുന്നത് എന്ന് വ്യക്തമായി അറിയാം. വൈശാലി എന്ന സിനിമ ഞങ്ങള്‍ സ്റ്റോറി ബോര്‍ഡ് ഇല്ലാതെ ചെയ്ത സിനിമയാണ്. എന്റെ ഐഡിയാസും വിഷ്വല്‍സുമൊക്കെ ചേര്‍ത്താണ് ഷൂട്ട് ചെയ്തത്. വിന്‍സന്റ് വാന്‍ഗോഗിന്റെ പെയ്ന്റിങ്ങുമായി അതിന് സാമ്യമുണ്ട്. ഞാന്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ഭരതന് പെട്ടന്ന് മനസിലാകും,’ മധു അമ്പാട്ടിന്റെ വാക്കുകള്‍.
250 സിനിമകളില്‍ നിന്ന് ഏറ്റവും പ്രിയപ്പെട്ട സിനിമ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും എന്നിരുന്നാലും അഞ്ജലി, അമരം എന്നീ സിനിമകള്‍ തനിക്ക് ഏറെ പ്രിയപ്പെടതാണെന്നും മധു അമ്പാട്ട് പറയുന്നു. സലീം അഹമ്മദ്, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ കൂടെയുള്ള വര്‍ക്കുകള്‍ താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രായത്തിന്റെ അസ്വസ്ഥതകളും ശാരീരിക ബുദ്ധിമുട്ടുകളും അവഗണിച്ച് കൊണ്ട് മധു അമ്പാട്ട് ഇന്നും സിനിമയില്‍ സജീവമാണ്. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തിയ മിണ്ടിയും പറഞ്ഞും ആണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അരുണ്‍ ബോസ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചത് സലീം മുഹമ്മദാണ്
Content Highlight: Madhu ambat talking about Mani Ratnam and Bharathan