മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമാണ് അമരം. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രം 34വര്‍ഷങ്ങള്‍ക്കിപ്പുറവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അച്ചൂട്ടി എന്ന കഥാപാത്രമായെത്തിയ മഹാനടന്‍ മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സിലൊന്നായിരുന്നു അമരം. സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ജനങ്ങള്‍ ഇന്നും വാഴ്ത്താറുണ്ട്.
മികച്ച നടി, ഛായാഗ്രഹണം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടിയ അമരത്തില്‍ എന്നാല്‍ മമ്മൂട്ടിക്ക് പുര്‌സകാരങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇപ്പോള്‍ മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ ഛായാഗ്രാഹകന്‍ മധു അമ്പാട്ട് അമരം സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അമരത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടാതിരുന്നതില്‍ ഇന്നും നിരാശയുണ്ടെന്നും ചില രംഗങ്ങളില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കണ്ട് തന്റെ കണ്ണു നിറഞ്ഞിട്ടുണ്ടെന്നും മധു അമ്പാട്ട് പറയുന്നു.
‘അമരം സിനിമയിലെ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട്, ഞാന്‍ ശരിക്കും കരഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ ബില്ല്യന്‍ഡായ പെര്‍ഫോമന്‍സിലൊന്നാണ് അമരം സിനിമയിലെ അച്ചൂട്ടി. അതിന് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയതില്‍ നിരാശ ഇപ്പോഴും എനിക്കുണ്ട്.
കാരണം അതില്‍ അസാമാന്യ പെര്‍ഫോമന്‍സാണ് മമ്മൂട്ടി കാഴ്ച്ചവെച്ചത്. ദേശീയ പുരസ്‌കാരവും കിട്ടിയില്ല, ഒരു സംസ്ഥാന അവാര്‍ഡ് പോലും അവര്‍ കൊടുത്തില്ല. ഞാന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു, എനിക്കും കിട്ടി എന്നാല്‍ മമ്മൂക്കയ്ക്ക് കിട്ടിയില്ല. ആ വിഷമം എനിക്കിപ്പോഴുമുണ്ട്. ഞങ്ങളെല്ലാവരും ഏറെ പ്രതീക്ഷിച്ചിരുന്നു. പതിനെട്ട് ദിവസം കൊണ്ടാണ് ഞങ്ങള്‍ അമരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്,’ മധു അമ്പാട്ട് പറയുന്നു.
അമരത്തിന്റെ ഓപ്പണിങ് സീനില്‍ മമ്മൂട്ടി ഒരു കൊച്ചു കുഞ്ഞിനെ മടിയിലിരുത്തി തുഴഞ്ഞുവരുന്ന സീനിനെ കുറിച്ച് മധു അമ്പാട്ട് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിഞ്ച് കുഞ്ഞിനെ വെച്ച് തോണി തുഴഞ്ഞ് വരാന്‍ മമ്മൂട്ടി ആദ്യം തയ്യാറായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വൈശാലി, അഞ്ജലി, ആദാമിന്റെ മകന്‍ അബു, ചാണക്യ, തുടങ്ങി മലയാളത്തിലും തമിഴിലിലും ഹിന്ദിയിലുമായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകനാണ് മധു അമ്പാട്ട്. മൂന്ന് സിനിമകള്‍ക്ക് അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
Content Highlight: Madhu Ambat says He still disappointed that Mammootty did not receive an award for his performance in the movie Amaram