| Friday, 13th March 2026, 10:19 pm

ഭരതന്‍ മരിച്ചതിന് ശേഷം മലയാളത്തില്‍ സിനിമ ചെയ്യാന്‍ തോന്നിയില്ല; അത്ര വലിയ അടുപ്പമായിരുന്നു: മധു അമ്പാട്ട്

ഐറിന്‍ മരിയ ആന്റണി

മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളാണ് മധു അമ്പാട്ട്. വൈശാലി, അഞ്ജലി, അമരം, ആദാമിന്റെ മകന്‍ അബു, ചാണക്യ, തുടങ്ങി മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മൂന്ന് സിനിമകള്‍ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.

മലയാളത്തിലെ നിരവധി പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഭരതനുമായി 80ാളം സിനിമകള്‍ ചെയ്തിട്ടുണ്ട്. പാഥേയം, അമരം, വൈശാലി, തുടങ്ങി ലിസ്റ്റ് ഇനിയും നീളും. നീണ്ട വര്‍ഷകാലം ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്ന മധു അമ്പാട്ട്, എന്നാല്‍ 1998ന് ശേഷം കരിയറില്‍ ഒരു വലിയ ഇടവേള എടുത്തിരുന്നു.

ഇപ്പോഴിതാ മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ മലയാളത്തില്‍ വലിയൊരു ഇടവേള വരാന്‍ കാരണം ഭരതന്റെ വേര്‍പാടാണെന്ന് അദ്ദേഹം പറയുന്നു.

‘ഭരതനുമായി, അത്ര വലിയ റിലേഷന്‍ഷിപ്പുണ്ടായിരുന്നു. അദ്ദേഹം മരിച്ചതിന് ശേഷം മലയാളത്തില്‍ സിനിമ ചെയ്യാന്‍ തോന്നിയില്ല. അതുകൊണ്ട് ഇവിടെ ഒരു വലിയ ഗ്യാപ്പ് വന്നു. മറ്റു ഭാഷകളില്‍ ഞാന്‍ അപ്പോഴും സിനിമകള്‍ ചെയ്തിരുന്നു. പക്ഷേ ഒരു 12 കൊല്ലം മലയാളത്തില്‍ സിനിമ ചെയ്തില്ല. ഭരതനുമായി അത്രയും അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ വിഷമിപ്പിച്ചു.

80 സിനിമകളില്‍ അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഭരതന് മാത്രമല്ല മലയാള സിനിമയിലെ പലരുടെയും വിയോഗം വലിയ നഷ്ടമാണ്. പകരക്കാരില്ലാത്ത കലാകാരന്മാരാണ് നെടുമുടി വേണുവും ജഗതിയുമൊക്കെ. ആരും വന്നാലും അവര്‍ക്ക് പകരമാവില്ല അത്,’ മധു അമ്പാട്ടിന്റെ വാക്കുകള്‍.

കുറച്ച് മുമ്പ് ഒരു അഭിമുഖത്തില്‍ വൈശാലി റീസ്റ്റോര്‍ ചെയ്യേണ്ട സിനിമയാണെന്ന് മധു അമ്പാട്ട് പറഞ്ഞിരുന്നു. അമരം റീസ്റ്റോര്‍ ചെയ്തതുപോലെ വൈശാലിയും റീസ്റ്റോര്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പക്ഷേ നിര്‍മാതാവായ രാമചന്ദ്രന്റെ മിസിസ് അതിന് സമ്മതിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രായത്തിന്റെ അസ്വസ്ഥതകളും ശാരീരിക ബുദ്ധിമുട്ടുകളും അവഗണിച്ച് കൊണ്ട് മധു അമ്പാട്ട് ഇന്നും സിനിമയില്‍ സജീവമാണ്. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തിയ മിണ്ടിയും പറഞ്ഞും ആണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content Highlight:  Madhu ambat says he   didn’t feel like doing a Malayalam film after Bharathan’s death 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more