തമിഴിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മാധവന്‍. അലൈപായുതേ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചോക്ലേറ്റ് ഹീറോ ആയി എത്തിയ മാധവന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, ജയ് ജയ്, തമ്പി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മാധവന്‍.
ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയും ചെയ്യേണ്ടതില്ലാത്ത എല്ലാ മേഖലകളും തനിക്ക് ഇഷ്ടമാണെന്നാണ് നടന്‍ പറയുന്നത്. താന്‍ അഭിനയിച്ച് തുടങ്ങിയ ആദ്യഘട്ടത്തില്‍ റൊമാന്റിക് സിനിമകളായിരുന്നു കൂടുതലും തേടിവന്നതെന്നും അലൈപായുതെയും മിന്നലെയുമൊക്കെ നേടിയ വന്‍വിജയമാകാം അതിന് കാരണമെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.
റൊമാന്റിക് ഹീറോ എന്ന ടാഗ്‌ലൈന്‍ ബ്രേക്ക് ചെയ്യണം എന്ന ഉദ്ദേശത്തിലാണ് താന്‍ പിന്നീട് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന മണിരത്‌നം സിനിമ ചെയ്തതെന്നും അതിലെ അച്ഛന്റെ വേഷം തനിക്കൊരു ബ്രേക്ക് തന്നെ സമ്മാനിച്ചുവെന്നും നടന്‍ പറഞ്ഞു.
‘എനിക്ക് എന്റെ പരിമിതികളെ കുറിച്ച് ധാരണയുണ്ട്. തമിഴില്‍ രജിനി സാര്‍ ചെയ്യുന്ന പോലുള്ള സിനിമകള്‍ ചെയ്യാന്‍ എന്നെക്കൊണ്ട് സാധിക്കില്ല എന്നെനിക്ക് അറിയാം. കാരണം ദരിദ്രനായ ഗ്രാമീണയുവാവായി എന്നെ കാണിച്ചാല്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കില്ല.
എന്റെയും അരവിന്ദ് സാമിയുടെയും ഒന്നും ശരീരപ്രകൃതി അത്തരം റോളുകള്‍ക്ക് യോജിച്ചതല്ല. അതുപോലെ ഞാന്‍ ഓരോ ഘട്ടത്തില്‍ നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുത് സുട്, ത്രീ ഇഡിയറ്റ്‌സ്, രംഗ് ദേ ബസന്തി, വിക്രം വേദ പോലെയുള്ള നല്ല സിനിമകളെല്ലാം ഉണ്ടായത് അങ്ങനെയാണ്. ഇനിയും നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹം,’ മാധവന്‍ പറയുന്നു.
Content Highlight: Madhavan Talks About His Films And Characters