ഇന്ത്യന്‍ സിനിമയിലെ റൊമാന്റിക് ഹീറോയാണ് മാധവന്‍. അലൈപായുതേ എന്ന ആദ്യ സിനിമ മുതല്‍ ഏറ്റവും അവസാനമിറങ്ങിയ ആപ് ജയ്സ കോയി വരെയുള്ള പ്രണയ വേഷങ്ങളിലെ അദ്ദേഹത്തിന്റെ അനായാസമായ ചാരുത പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നതാണ്.
ആപ് ജയ്സ കോയി എന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ഖ് ആയിരുന്നു നായിക. തന്റെ കൂടെ അഭിനയിക്കുന്ന നായികമാരെ മനസിലാക്കിയാല്‍ പിന്നെ നല്ല കെമിസ്ട്രി വരുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മാധവന്‍ പറയുന്നു. ഫാത്തിമ സനയെ ആദ്യമായി കാണുന്നത് നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ഓഫീസില്‍ വെച്ചാണെന്നും അപ്പോള്‍ തനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത കംഫര്‍ട്ട് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നായികമാരുമായി പ്രണയത്തിലാകുന്നത് തനിക്ക് പ്രധാനപ്പെട്ട കാര്യമാണെന്നും ഏറ്റവും മഹത്തായ പ്രണയം ബഹുമാനമാണെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു റൊമാന്റിക് സിനിമ ചെയ്യുമ്പോള്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്റെ കൂടെ അഭിനയിക്കുന്ന നായികയെ നന്നായി മനസിലാക്കാന്‍ കഴിയുക എന്നതാണ്. നല്ലൊരു കെമിസ്ട്രി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ആ സിനിമക്ക് വേണ്ടി ഒരുപാട് വര്‍ക്ക് ചെയ്യേണ്ടി വരില്ലെന്നാണ് ഞാന്‍ കരുതുന്നത്.
ആപ് ജയ്സ കോയിയില്‍ എന്റെ നായിക ഫാത്തിമ സന ഷെയ്ഖ് ആയിരുന്നു. ഞങ്ങള്‍ ആദ്യമായി കാണുന്നത് നിര്‍മാതാക്കളായ ധര്‍മയുടെ ഓഫീസില്‍ വെച്ചായിരുന്നു. ഒരു ചെറിയ ഭംഗിയുള്ള മുറിയായിരുന്നു അത്. ആ മുറിയുടെ ഒരറ്റത്ത് അവളും മറ്റൊരറ്റത്ത് ഞാനുമായിരുന്നു ഇരുന്നത്. കഥ പറയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്റെ അടുത്തേക്ക് വന്നിരുന്നു. അവള്‍ വന്നപ്പോള്‍ എനിക്ക് ഒരു കംഫര്‍ട്ടബിള്‍ തോന്നി.
നാച്ചുറലായ, പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു കംഫര്‍ട്ടിബിളായിരുന്നു അത്. ഒരു പേപ്പറിലേക്കും അത് പകര്‍ത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ സംബന്ധിച്ച് എന്റെ നായികമാരുമായി പ്രണയത്തിലാകുക എന്നത് വളരെ ഇമ്പോര്‍ട്ടന്റാണ്. സിനിമയില്‍ ആ കെമിസ്ട്രി കിട്ടാന്‍ അത് വളരെ പ്രധാനമെന്നാണ് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും മഹത്തായ പ്രണയം ബഹുമാനമാണ്. അതില്ലെങ്കില്‍ വേറെ ഒന്നിനും പ്രസക്തിയില്ല,’ മാധവന്‍ പറയുന്നു.
Content Highlight: Madhavan Says it’s important to fall in love with his heroine