| Friday, 7th August 2026, 9:07 pm

തടി കൂടി, ചെയ്യുന്ന റോളുകളില്‍ ഒരു തൃപ്തി തോന്നിയില്ല, അങ്ങനെയാണ് ആ തീരുമാനമെടുത്തത്: മാധവന്‍

അമര്‍നാഥ് എം.

90കളുടെ അവസാനത്തില്‍ കോളിവുഡിന് ലഭിച്ച ചോക്ലേറ്റ് ഹീറോയായിരുന്നു മാധവന്‍. അലൈപായുതേയിലൂടെ മണിരത്‌നം കൈപിടിച്ചുയര്‍ത്തിയ മാധവന്‍ പിന്നീട് തമിഴില്‍ തന്റേതായ സ്ഥാനം കണ്ടെത്തി. ഗൗതം മേനോന്‍ അണിയിച്ചൊരുക്കിയ മിന്നലേയിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ ‘മാഡി’യായി താരം മാറി. റൊമാന്റിക് റോളുകളില്‍ നിന്ന് പിന്നീട് ആക്ഷന്‍ റോളുകളിലേക്കും മാഡി ട്രാക്ക് മാറ്റി.

തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മാധവന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നായകനായി മാത്രം അഭിനയിക്കാതെ ക്യാരക്ടര്‍ റോളുകളിലും മാധവന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. റോക്കട്രി എന്ന ചിത്രത്തിലൂടെ സംവിധായകനായും അദ്ദേഹം തിളങ്ങി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജി.ഡി. നായിഡു ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

കരിയറില്‍ താന്‍ ഇടക്ക് ബ്രേക്ക് എടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മാധവന്‍. ഒരുസമയത്ത് എല്ലാ സിനിമകളിലും ഒരേ ടൈപ്പ് റോളുകള്‍ തന്നെത്തേടി വരുമായിരുന്നെന്ന് മാധവന്‍ പറയുന്നു. തന്നിലെ നടന് സംതൃപ്തി തരാത്ത സമയമായിരുന്നു അതെന്നും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു മാധവന്‍.

‘സത്യം പറഞ്ഞാല്‍ എനിക്ക് ഒരു ബ്രേക്ക് വേണമെന്ന് ഇടക്ക് തോന്നിയിരുന്നു. ചെയ്യുന്ന റോളുകളിലൊന്നും ഒരു തൃപ്തി വരാത്ത ഫീലായിരുന്നു അപ്പോള്‍. വേട്ടൈ എന്ന സിനിമ ചെയ്ത ശേഷമാണ് എനിക്ക് അങ്ങനെ തോന്നിയത്. ഒരു ആക്ടറെന്ന നിലയില്‍ എനിക്ക് ഒന്നും പുതിയതായി ചെയ്യാന്‍ പറ്റാത്ത അവസ്ഥ എന്ന് തോന്നി.

തടിയും കൂടി, പുതിയതായി ഒന്നും ചെയ്യാനും പറ്റുന്നില്ല എന്ന ആ ഒരു മൊമന്റില്‍ ഞാനൊരു ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചു. നാല് വര്‍ഷത്തോളം മാറിനിന്നു. എന്നിട്ട് ഇപ്പോഴത്തെ ജനറേഷന് എന്ത് ചെയ്താല്‍ ഇഷ്ടമാകും എന്ന് നിരീക്ഷിച്ചു. എന്നിട്ട് ഞാന്‍ ചെയ്ത പടമാണ് ഇരുധിസുട്ര്. പിന്നീട് ഓരോ പടവും ശ്രദ്ധയോടെ സെലക്ട് ചെയ്യാന്‍ തുടങ്ങി,’ മാധവന്‍ പറയുന്നു.

നാല് വര്‍ഷത്തിന് ശേഷം മാധവന്‍ നായകനായെത്തുന്ന ചിത്രമാണ് ജി.ഡി.എന്‍. ഇന്ത്യന്‍ എഡിസണ്‍ എന്നറിയപ്പെടുന്ന ജി.ഡി.നായിഡുവിന്റെ ബയോപിക്കായാണ് ചിത്രം ഒരുങ്ങിയത്. മാധവന് പുറമെ ജയറാം, സത്യരാജ്, പ്രിയാമണി, ദുഷാര വിജയന്‍, വിനയ് റായ്, കരുണാകരന്‍, അതിദി ബാലന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.

Content Highlight: Madhavan reveals about the break he took in his career

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more