ചോക്ലേറ്റ് ഹീറോയായി സിനിമാജീവിതം ആരംഭിച്ച നടനാണ് മാധവന്‍. മണിരത്‌നം സംവിധാനം ചെയ്ത അലൈപായുതേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറിയത്. കരിയറിന്റെ തുടക്കത്തില്‍ റൊമാന്റിക് ഹീറോയായി തിളങ്ങിയ മാധവന്‍ റണ്ണിന് പിന്നാലെ ആക്ഷന്‍ ട്രാക്കിലേക്ക് മാറി. ഇപ്പോള്‍ ക്യാരക്ടര്‍ ഹീറോയായും തിളങ്ങുകയാണ് മാഡി.
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ധറില്‍ മാധവന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനോട് സാമ്യമുള്ള കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിച്ചത്. പ്രൊപ്പഗണ്ട ചിത്രമായ ധുരന്ധറില്‍ ബി.ജെ.പി സര്‍ക്കാരിനെ വെളുപ്പിക്കുന്ന സീനുകള്‍ കാരണം മാധവന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മാധവന്‍ Photo: Screen grab/ Galatta Plus
ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മോദി സ്തുതി നടത്തുന്നയാളാണ് മാധവനെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം. ഇത്തരം കമന്റുകളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മാധവന്‍. തന്നെക്കുറിച്ച് വരുന്ന പോസ്റ്റുകളും കമന്റുകളുമെല്ലാം ശ്രദ്ധിക്കാറുണ്ടെന്ന് മാധവന്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കെതിരെയുള്ള കമന്റുകളും പോസ്റ്റുകളുമെല്ലാം കാണാറുണ്ട്. അതില്‍ ചിലതൊക്കെ എടുത്ത് നോക്കിയാല്‍ പൊതുവായ ഒരു പ്രത്യേകതയുണ്ടാകും. ഈയടുത്ത് ഉണ്ടാക്കിയ, അധികം ഫോളോവേഴ്‌സില്ലാത്ത ഒരു അക്കൗണ്ടില്‍ നിന്നാകും കമന്റുകള്‍. അത് വല്ല ബോട്ടോ എ.ഐയോ ആയിരിക്കുമെന്ന് ഉറപ്പാണ്. ഒരിക്കലും എന്റെ രാഷട്രീയം പൊതുവായി പറഞ്ഞിട്ടില്ല.
നാടിന്റെ പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇപ്പോള്‍ സ്റ്റാലിന്‍ സാര്‍ എന്തെങ്കിലും നല്ലത് ചെയ്താല്‍ അതിനെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്. രാജ്യമാണ് പ്രധാനം എന്നാണ് കുട്ടിക്കാലം മുതല്‍ ഞാന് പഠിച്ചിട്ടുള്ളത്,’ മാധവന്‍ പറയുന്നു.
അതേസമയം മാധവന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ജി.ഡി.എന്‍ റിലീസിന് തയാറെടുക്കുകയാണ്. ഇന്ത്യയുടെ എഡിസണ്‍ എന്നറിയപ്പെട്ടിരുന്ന ജി.ഡി നായിഡുവിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മാധവന് പുറമെ സത്യരാജ്, ജയറാം, പ്രിയാമണി, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് ഏഴിന് ജി.ഡി.എന്‍ തിയേറ്ററുകളിലെത്തും.
Content Highlight: Madhavan about the criticisms he faced on his political views