| Monday, 21st July 2025, 9:22 am

സുരേഷ് ഗോപിയുടെ മകനായത് കൊണ്ട് കിട്ടിയ പ്രിവിലേജ്; അവിടെ നെപ്പോട്ടിസം സഹായിച്ചു: മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയുടെ മകനായത് കൊണ്ട് തനിക്ക് ലഭിച്ച പ്രിവിലേജിനെ കുറിച്ച് പറയുകയാണ് നടന്‍ മാധവ് സുരേഷ്. തനിക്ക് ഉപദേശത്തിന് വേണ്ടിയും ഡൗണ്‍ ആയിരിക്കുമ്പോള്‍ നല്ല വാക്ക് പറയാനും മലയാളം ഇന്‍ഡസ്ട്രി ഓരോ ഫേസിലും ഭരിച്ച താരങ്ങളുണ്ടെന്നാണ് മാധവ് പറയുന്നത്.

അവിടെയാണ് നെപ്പോട്ടിസം തന്നെ സഹായിച്ചതെന്നും തന്റെ ആദ്യ സിനിമ കിട്ടാനും നെപ്പോട്ടിസം സഹായിച്ചെന്നും നടന്‍ പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്.

‘എനിക്ക് എപ്പോഴെങ്കിലും ഒരു അഡൈ്വസിന് വേണ്ടി പോകണമെങ്കിലോ ഞാന്‍ ഡൗണ്‍ ആയിരിക്കുന്ന സമയത്ത് ഒരു നല്ല വാക്ക് പറയാനോ ആളുകളുണ്ട്. എനിക്ക് അവരുടെ അടുത്തേക്ക് പോകാം. അതും ഈ സിനിമ ഇന്‍ഡസ്ട്രി ഓരോ ഫേസിലും റൂള്‍ ചെയ്ത ആളുകളാണ് അവര്‍.

ആ പ്രിവിലേജ് എനിക്ക് കിട്ടിയത് ഞാന്‍ സുരേഷ് ഗോപിയുടെ മകനായത് കൊണ്ടാണ്. അവിടെയാണ് എന്നെ നെപ്പോട്ടിസം സഹായിച്ചത്. എന്റെ ആദ്യ സിനിമ കിട്ടാനും അതെന്നെ സഹായിച്ചിട്ടുണ്ടാകും. അവിടുന്ന് അങ്ങോട്ട് ഞാന്‍ നന്നായി പെര്‍ഫോം ചെയ്യണം,’ മാധവ് സുരേഷ് പറഞ്ഞു.

മാധവ് അഭിനയിച്ച് എത്തിയ ചിത്രമാണ് കുമ്മാട്ടിക്കളി. എന്നാല്‍ ഈ സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. ആ ട്രോളുകളെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറയുന്നു.

‘എന്റെ കുമ്മാട്ടിക്കളി സിനിമ കാണുന്നുണ്ടല്ലോ. സത്യം പറഞ്ഞാല്‍ ഞാന്‍ അതില്‍ നന്നായി പെര്‍ഫോമും ചെയ്തിട്ടില്ല, അത് മൊത്തത്തില്‍ നല്ലൊരു കാന്‍വാസും ആയിരുന്നില്ല. പക്ഷെ അത് കാരണം ട്രോളുകള്‍ ലഭിക്കുന്നത് മറ്റാര്‍ക്കുമല്ല, എനിക്ക് മാത്രമാണ്.

‘നീ നിര്‍ത്തിയിട്ട് പോ’, ‘നിനക്ക് ഈ പണി പറ്റില്ല’ എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അത് കുഴപ്പമില്ല. എനിക്ക് അത് പറ്റുമോ ഇല്ലയോയെന്ന് അറിയാന്‍ ഞാന്‍ ഇനിയും ശ്രമിക്കണം. എന്നിട്ട് എനിക്ക് പറ്റില്ലെന്ന് തെളിഞ്ഞാല്‍ ഞാന്‍ പോയിക്കോളാം. ഇനി അത് അങ്ങനെ അല്ലെങ്കില്‍ ഞാന്‍ ഇവിടെ തന്നെ കാണും,’ മാധവ് സുരേഷ് പറയുന്നു.


Content Highlight: Madhav Suresh talks about the privilege he received for being Suresh Gopi’s son

Latest Stories

We use cookies to give you the best possible experience. Learn more