| Monday, 21st July 2025, 1:46 pm

കുമ്മാട്ടിക്കളി വേണ്ടിയിരുന്നില്ലെന്ന് തോന്നിയിരുന്നോ? മറുപടി നല്‍കി മാധവ് സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാധവ് സുരേഷ് ആദ്യമായി നായകനായി എത്തിയ ചിത്രമായിരുന്നു കുമ്മാട്ടിക്കളി. എന്നാല്‍ ചിത്രം ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മാധവിന്റെ അഭിനയത്തെ കുറിച്ചുള്ള നിരവധി ട്രോളുകളാണ് ഉയര്‍ന്നു വന്നത്.

ഇപ്പോള്‍ കുമ്മാട്ടിക്കളി വേണ്ടിയിരുന്നില്ല എന്ന തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മാധവ് സുരേഷ്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘അങ്ങനെയൊരു തോന്നല്‍ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. ഞാന്‍ ആ സിനിമ ചെയ്ത് കഴിഞ്ഞു. ഇനി എനിക്ക് അത് പോയി മാറ്റാനൊന്നും പറ്റില്ലല്ലോ. പക്ഷെ അന്നേ ഞാന്‍ ഒന്നുകൂടെ ഒന്ന് ആലോചിച്ചാല്‍ മതിയായിരുന്നു.

സത്യങ്ങള്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മുന്നില്‍ ആദ്യം പ്രസന്റ് ചെയ്ത സിനിമ അതായിരുന്നില്ല. പക്ഷെ അത് സംഭവിക്കാവുന്ന കാര്യമാണ്. എനിക്ക് മാത്രമല്ല അത് ഉണ്ടായിട്ടുള്ളത്. എല്ലാ കാലത്തും എല്ലാ കാര്യങ്ങളിലും ഉണ്ടായിട്ടുള്ള കാര്യമാണ് അത്.

സ്‌ക്രിപ്റ്റ് പറയുമ്പോള്‍ ഒരു കഥയാകും. ഷൂട്ടിങ്ങിന് പോകുമ്പോള്‍ വേറെയൊരു കഥയാകും. ആ സമയത്ത് കേള്‍ക്കുമ്പോള്‍ മറ്റൊരു ക്യാന്‍വാസില്‍ മറ്റൊരു എമൗണ്ടില്‍ ചെയ്യാനുള്ള പ്രൊഡക്ഷന്‍ ആയിരിക്കും അവര്‍ പ്ലാന്‍ ചെയ്യുന്നത്.

പക്ഷെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി, ഷൂട്ട് തീരുമ്പോഴേക്കും വെറുതെ കണക്ക് എടുത്ത് നോക്കിയാല്‍ അതിന്റെ പകുതിയുടെ പകുതി പോലും വന്നിട്ടുണ്ടാകില്ല. കുമ്മാട്ടിക്കളി സിനിമയില്‍ നിരാശയുണ്ടോയെന്ന് ചോദിച്ചാല്‍, ഞാന്‍ നല്ല സിനിമയില്‍ വിശ്വസിക്കുന്ന ആളാണ്.

ഞാന്‍ ഉള്ളത് കൊണ്ടല്ല പറയുന്നത്. വേറൊരു പ്രൊഡ്യൂസറിന്റെ പൈസ നമ്മള്‍ ഒരു സിനിമക്ക് വേണ്ടി ഉപയോഗിക്കുകയാണ്. അതേസമയം ആ സിനിമ കാണാന്‍ വരുന്നവര്‍ അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയ്ക്കാണ് വരുന്നത്.

അവിടെ നമുക്ക് രണ്ട് സൈഡിലും റെസ്‌പോണ്‍സിബിളിറ്റിയുണ്ട്. പൈസ തന്ന ആള്‍ക്ക് തിരിച്ച് കൊടുക്കാനും പൈസ കൊടുത്ത് ടിക്കറ്റ് വാങ്ങി വരുന്നവര്‍ക്ക് നല്ല എന്റര്‍ടൈമെന്റ് വാല്യു കൊടുക്കാനുമുള്ള റെസ്‌പോണ്‍സിബിറ്റിയുണ്ട്,’ മാധവ് സുരേഷ് പറയുന്നു.


Content Highlight: Madhav Suresh Talks About Kummattikali Movie

We use cookies to give you the best possible experience. Learn more