| Friday, 25th July 2025, 10:44 pm

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറ്റം പറയുന്നവരുണ്ട്, ഇന്നത്തെ കാലത്ത് ഏറ്റവും എളുപ്പമുള്ള പണിയാണത്: മാധവ് സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് മാധവ് സുരേഷ്. ചിത്രത്തില്‍ ഒരൊറ്റ സീനില്‍ മാത്രമാണ് മാധവ് വന്നുപോയത്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ മാധവ് ജാനകി വി Vs സ്‌റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലും പ്രധാനവേഷം കൈകാര്യം ചെയ്തു.

ഈയിടെ ഒ.ടി.ടിയിലെത്തിയ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ മാധവിന്റെ പ്രകടനം ഒരുപാട് വിമര്‍ശനം നേരിട്ടിരുന്നു. അഭിനയവും ഡയലോഗ് ഡെലിവറിയും ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ അഭിനയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് മാധവ് സുരേഷ്.

തന്നെ മാത്രമല്ല, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വരെ അഭിനയം പഠിപ്പിക്കുന്നവരാണ് ഇന്ന് സോഷ്യല്‍ മീഡിയയിലുള്ളതെന്ന് മാധവ് സുരേഷ് പറഞ്ഞു. പലര്‍ക്കും ഏറ്റവും എളുപ്പമുള്ള പണിയാണ് അതെന്നും ചില വിമര്‍ശനങ്ങള്‍ മാത്രമേ താന്‍ കാര്യമായി എടുക്കാറുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്.

‘എന്റെ അഭിനയം മോശമാണെന്നും പണി നിര്‍ത്തി പോകണമെന്നുമൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരുപാട് ക്രിട്ടിസിസം പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടു. അതില്‍ പകുതിയും അനാവശ്യ ഹേറ്റാണ്. എന്നെ മാത്രമല്ല, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വരെ കുറ്റം പറയുന്നവര്‍ ഇവിടെയുണ്ട്. ‘മമ്മൂട്ടിക്കും മോഹന്‍ലാലിനും അഭിനയിക്കാനറിയില്ല’, ‘സുരേഷ് ഗോപി പൊട്ടനാണ്’ എന്നൊക്കെ ഒരുപാട് കുറ്റം പറയുന്നത് കാണാറുണ്ട്.

പക്ഷേ, മോശം അഭിനയമുള്ള സിനിമകളെക്കാള്‍ ഇവരുടെയെല്ലാം നല്ല സിനിമകള്‍ ഒരുപാടുണ്ട്. ഒരിക്കലും നമുക്ക് അതൊന്നും കണക്കാക്കാന്‍ പറ്റില്ല. ആ സിനിമകളെക്കുറിച്ചൊന്നും ആരും സംസാരിക്കില്ല. ലാലേട്ടന്റെ കാര്യമെടുത്താല്‍ ഇത്രയും കാലം കുറ്റം പറഞ്ഞവരെല്ലാം തുടരും എന്ന ഒരൊറ്റ സിനിമ ഇറങ്ങിയ ശേഷം സൈലന്റായി. ഒരൊറ്റ നല്ല സിനിമ മതി എല്ലാം ശരിയാവാന്‍.

പിന്നെ ഇപ്പോഴത്തെ കാലത്ത് പലര്‍ക്കും എളുപ്പമുള്ള പണി ഇതുപോലെ കുറ്റം പറയുക എന്നാണ്. ക്രിട്ടിസിസമൊക്കെ നല്ലതാണെങ്കില്‍ നമ്മള്‍ അത് അക്‌സപ്റ്റ് ചെയ്യും. നമ്മള്‍ കുറച്ചുകൂടി നന്നാകണമെന്ന് ആ വാക്കുകളില്‍ കാണാന്‍ സാധിക്കും. അല്ലാതെ ചുമ്മാ കുറ്റം പറയാന്‍ വേണ്ടി മാത്രം വാ തുറക്കുന്നവരോട് തിരിച്ചു ചോദിക്കും. ‘എങ്ങനെയാണ് നന്നായി അഭിനയിക്കേണ്ടത്’ എന്ന്. അപ്പോള്‍ അവര്‍ക്ക് മറുപടിയുണ്ടാകില്ല,’ മാധവ് സുരേഷ് പറഞ്ഞു.

Content Highlight: Madhav Suresh reacts to the criticisms he facing

We use cookies to give you the best possible experience. Learn more