തിരുവനന്തപുരം: നടുറോട്ടില്‍ കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും തമ്മില്‍ തര്‍ക്കം.
വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. മാധവ് സുരേഷ് വിനോദ് കൃഷ്ണയുടെ കാറിന്റെ മുന്‍പില്‍ കയറി നില്‍ക്കുകയും, ഇടിച്ചിട് ഇടിച്ചിട് എന്ന് പറഞ്ഞ് അദ്ദേഹത്തോട് കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. ശാസ്തമംഗലത്ത് നടുറോഡില്‍ ഇരുവരും തമ്മില്‍ 15 മിനിറ്റോളം തര്‍ക്കിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തി മാധവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു.
വാഹനം യൂടേണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. രണ്ടുപേരും ഒരേ ദിശയിലേക്ക് വാഹനം ഓടിക്കുകയായിരുന്നു. വിനോദ് പെട്ടെന്ന് യൂടേണ്‍ എടുത്തപ്പോള്‍ പിന്നാലെ വന്ന മാധവിന്റെ വാഹനം വിനോദിന്റെ വാഹനത്തിലേക്ക് ഇടിക്കാന്‍ പോയി. ഇതോടെ സ്വന്തം വാഹനത്തില്‍ നിന്നിറങ്ങിയ മാധവ് വിനോദിന്റെ വാഹനത്തിന്റെ മുന്നിലേക്ക് വന്ന് വാഹനം തടയുകയായിരുന്നു.
വിനോദിന്റെ വാഹനത്തിന്റെ ബോണറ്റില്‍ അടിച്ചുകൊണ്ടാണ് മാധവ് സംസാരിച്ചത്. തുടര്‍ന്ന് വിനോദ് അറിയിച്ച പ്രകാരം മ്യൂസിയം പൊലീസ് എത്തുകയും മാധവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പിന്നീട് മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ ഇരുവരേയും വിട്ടയച്ചു.
സംഭവത്തില്‍ വിനോദ് രേഖാമൂലം പരാതി നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മില്‍ ധാരണയായതിനാല്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
Content Highlight: Madhav Suresh and Congress Leader Vinod Argument on Road