| Wednesday, 13th May 2026, 8:29 am

ഉത്തർപ്രദേശിലെ മദ്രസയിൽ 'മെയ്ഡ് ഇൻ പാകിസ്ഥാൻ' ഫാൻ: അന്വേഷണത്തിനൊടുവിൽ ദുരൂഹതയില്ലെന്ന് പൊലീസ്

ആദര്‍ശ് എം.കെ.

ലഖ്നൗ: ഉത്തർപ്രദേശിലെ കുശിനഗറിലുള്ള ഒരു മദ്രസയിൽ ‘മെയ്ഡ് ഇൻ പാകിസ്ഥാൻ’ (Made in Pakistan) ലേബലുള്ള സീലിങ് ഫാൻ കണ്ടെത്തിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.

എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുകയും ചെയ്തു.

കുശിനഗറിലെ മദ്രസ ഖാദരിയ ഹഖീഖത്തുൽ ഉലൂമിലെ കേടായ രണ്ട് ഫാനുകളും ഒരു മോട്ടോറും അറ്റകുറ്റപ്പണിക്കായി നൽകിയപ്പോഴാണ് ഫാനിൽ മെയ്ഡ് ഇൻ പാകിസ്ഥാൻ എന്ന രേഖപ്പെടുത്തിയത് മെക്കാനിക്കിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

വിഷയം ഗൗരവകരമായി എടുത്ത പോലീസ് മദ്രസ മാനേജരായ യൂനുസ് അൻസാരി ഉൾപ്പെടെ രണ്ട് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ഫാൻ എങ്ങനെ മദ്രസയിൽ എത്തി എന്നതിനെക്കുറിച്ചായിരുന്നു പ്രധാന അന്വേഷണം.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി തന്റെ പിതാവിന് അയച്ചുനൽകിയതായിരുന്നു ഈ ഫാൻ. 2020ൽ സൗദി അറേബ്യയിൽ നിന്നാണ് ഫാൻ വാങ്ങിയതെന്നും കൊറിയർ വഴിയാണ് ഇത് ഇന്ത്യയിലേക്ക് അയച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഏതാനും വർഷങ്ങൾ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന ഈ ഫാൻ 2023ലാണ് മദ്രസയ്ക്ക് നൽകുകയായിരുന്നു. ഫാൻ വാങ്ങിയതിന്റെ ബില്ലുകളും മറ്റ് രേഖകളും ബന്ധപ്പെട്ടവർ പോലീസിന് ഹാജരാക്കി.

രേഖകൾ പരിശോധിച്ചതിനും വിശദമായ അന്വേഷണത്തിനും ശേഷം ഈ ഫാൻ സൗദി അറേബ്യയിൽ നിന്ന് നിയമപരമായി വാങ്ങിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് കണ്ടതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.

സംഭവത്തിൽ ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

Content Highlight: ‘Made in Pakistan’ fan found in Uttar Pradesh madrasa: Police say no foul play after investigation

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more