| Monday, 23rd May 2016, 7:52 am

ഇന്ത്യയുടെ തദ്ദേശീയ സ്‌പേസ് ഷട്ടില്‍ ആര്‍എല്‍വി-ടിഡി വിക്ഷേപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തദ്ദേശീയമായി നിര്‍മിച്ച പുനരുപയോഗിക്കാവുന്ന ആദ്യ സ്‌പേസ് ഷട്ടില്‍ പരീക്ഷണം ഇന്ത്യ വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ആര്‍എല്‍വി-ടിഡി) വിക്ഷേപിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ച് അന്തരീക്ഷത്തില്‍ പ്രവേശിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആര്‍.എല്‍.വി നിര്‍മിച്ചിരിക്കുന്നത്.
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐ.എസ്.ആര്‍.ഒയുടെ ഈ പരീക്ഷണത്തെ വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയില്‍ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐ.എസ്.ആര്‍.ഒ, വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താല്‍ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. ഐ.എസ്.ആര്‍.ഒയുടെ കുതിപ്പിലെ ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
കാഴ്ചയില്‍ യു.എസിന്റെ സ്‌പേസ് ഷട്ടില്‍ പോലെ തോന്നും. ഇതു പരീക്ഷണമാണ്. യഥാര്‍ഥ വാഹനത്തെക്കാള്‍ ആറു മടങ്ങ് ചെറുതാണ് ഇപ്പോള്‍ വിക്ഷേപിക്കുന്നത്. വിമാനത്തിന്റെ മാതൃകയാണ്. 6.5 കിലോമീറ്റര്‍ നീളമുണ്ട്. 1.55 ടണ്‍ ആണ് ഭാരം.

വിക്ഷേപിച്ച് 70 കിലോമീറ്റര്‍ ഉയരത്തില്‍ ചെന്നതിനുശേഷം തിരികെ ഭൂമിയിലേക്ക് എത്തും. ബംഗാള്‍ ഉള്‍ക്കടലിലാണ് ഇതു പതിക്കുക. ഇതിന് ഏകദേശം 20 മിനിറ്റ് സമയമെടുക്കുമെന്നാണ് കരുതുന്നത്. പരീക്ഷണം വിജയിച്ചാല്‍ തന്നെ യഥാര്‍ഥമായതിന്റെ വളരെചെറിയൊരു പടിയാണ് കയറുന്നതെന്നും അന്തിമ സ്‌പേസ് ഷട്ടില്‍ സജ്ജമാകാന്‍ 10-15 വര്‍ഷമെടുക്കുമെന്നും ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷണങ്ങള്‍ ഇനിയുമേറെ നടക്കാനുണ്ടെന്നും ആദ്യം കടലിലിറങ്ങുന്ന വിക്ഷേപണ വാഹനം പിന്നീട് കൂടുതല്‍ പരീക്ഷണങ്ങളിലൂടെ ശ്രീഹരിക്കോട്ടയിലെ റണ്‍വേയില്‍ ഇറങ്ങുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കിരണ്‍കുമാര്‍ അറിയിച്ചു.

ആദ്യമായാണ് വിമാനത്തിന്റെ മാതൃകയില്‍ ഒരു സ്‌പേസ് ഷട്ടില്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നത്. മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ പോലും കോടികള്‍ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതി ഐ.എസ്.ആര്‍ഒ കുറഞ്ഞ ചെലവിലാണ് പരീക്ഷിക്കാന്‍ പോകുന്നത്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട ചെലവുകളില്‍ 10 മടങ്ങോളം കുറവുവരും. 2011ലാണ് നാസ അവസാനമായി സ്‌പേസ് ഷട്ടില്‍ വിക്ഷേപിച്ചത്. ആ വിക്ഷേപണത്തോടെ അവര്‍ ആ പദ്ധതി തന്നെ നിര്‍ത്തലാക്കി.

We use cookies to give you the best possible experience. Learn more