| Wednesday, 25th February 2026, 8:56 pm

പത്താം ക്ലാസ് കഴിഞ്ഞ കുട്ടി എങ്ങനെ ഇങ്ങനെ അഭിനയിക്കുന്നുവെന്ന് തോന്നി; അപ്പോള്‍ തന്നെ അനശ്വരയുടെ ആരാധകനായി: വിത്ത് ലവ് സംവിധായകന്‍

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ യുവനടികളിലൊരാളാണ് അനശ്വര. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ കരിയര്‍ അരംഭിച്ച അനശ്വര ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നേര്, രേഖാചിത്രം, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നിവ താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.
കേരളത്തിന് പുറമെ അന്യഭാഷയിലും ഇപ്പോള്‍ അനശ്വരക്ക് ആരാധകരുണ്ട്.

നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിത്ത് ലവാണ് നടിയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അബിഷന്‍ ജീവിന്തും അനശ്വരയും ആദ്യമായി ഒന്നിച്ച തമിഴ് ചിത്രം മികച്ച അഭിപ്രായം നേടിയെന്ന് മാത്രമല്ല, ബോക്‌സ് ഓഫീസിലും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചു. അന്യഭാഷയില്‍ അനശ്വരക്ക് കിട്ടിയ ആദ്യ ഹിറ്റ് കൂടിയായിരുന്നു വിത്ത് ലവ്.

ഇപ്പോള്‍ എക്‌സ്പ്രസ് സിനിമ യൂട്യൂബ് ചാനലില്‍ വിത്ത് ലവിന്റെ സംവിധായകന്‍ മദന്‍ അനശ്വരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലാണ് അനശ്വരയെ താന്‍ ആദ്യമായി കാണുന്നതെന്ന് അദ്ദേഹം പറയുന്നു.

‘എന്തൊ ഒരു ആവശ്യത്തിനായി 2019ല്‍ കേരളത്തിലേക്ക് പോയിരുന്നു. അന്ന് അവിടെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ ഓടുന്നുണ്ട്. പുതുമുഖങ്ങള്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ സിനിമ എന്ന് പലരും പറഞ്ഞ് കേട്ടുള്ള അറിവുണ്ടായിരുന്നു. അതും പിന്നെ സിനിമയുടെ പേരില്‍ കണ്ട ഒരു എക്‌സൈറ്റ്‌മെന്റില്‍ കൂടെയാണ് സിനിമ കാണാനായി തിയേറ്ററിലേക്ക് പോയത്.

തണ്ണീര്‍ മത്തന്‍ എന്നാല്‍ വാട്ടര്‍മെലണ്‍ ആണെന്ന് അപ്പോഴെനിക്ക് അറിയില്ല. ‘മത്തന്‍’എന്നല്ല മദന്‍ എന്നാണ് ഞാന്‍ അപ്പോള്‍ വിചാരിച്ചത്. എന്റെ പേരിലൊരു സിനിമ വന്നിട്ടുണ്ട്, പോയി കണ്ടേക്കാം എന്ന് വിചാരിച്ചു. സിനിമയില്‍ ഞാന്‍ ഏറ്റവും സര്‍പ്രൈസായത് അനശ്വരയെ കണ്ടപ്പോഴാണ്,’ മദന്‍ പറയുന്നു.

അനശ്വരയുടെ പെര്‍ഫോമന്‍സ് തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ കാണുന്നത് പോലെ തോന്നിയെന്നും മദന്‍ പറഞ്ഞു. ഒരു പത്താം ക്ലാസ് കഴിഞ്ഞ പെണ്‍കുട്ടി എങ്ങനെ ഇത്ര മനോഹരമായി അഭിനയിക്കുന്നുവെന്ന് തോന്നി പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സിനിമ കണ്ടപ്പോള്‍ തന്നെ താന്‍ അനശ്വരയുടെ ആരാധകനായി മാറിയെന്നും മഥന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സിനിമ ചെയ്യുമ്പോള്‍ അനശ്വരയെ എന്തായാലും നായികയാക്കണമെന്ന് അന്ന് താന്‍ മനസിലുറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റാകുകയും ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നേടുകയും ചെയ്തു. മാത്യുവിന്റെയും അനശ്വരയുടെയും നസ് ലെന്റെയും കരിയറില്‍ നാഴിക കല്ലായി തീര്‍ന്ന് ചിത്രം കൂടിയായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍.

Content Highlight: Madan says he was impressed by Anaswara’s performance in the movie Thanneer Mathan Dinangal

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more