| Tuesday, 24th November 2026, 7:53 am

ഇത്രയധികം കഴിവുള്ള ഒരു കളിക്കാരനെ നിങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല; ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് മദന്‍ ലാല്‍

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിനെ പ്രശംസിച്ച് മുന്‍ താരം മദന്‍ ലാല്‍. ഇത്രയധികം കഴിവുള്ള ഒരു കളിക്കാരനെ എന്തുകൊണ്ടാണ് ഇന്ത്യ ഏകദിന ക്രിക്കറ്റിലും ടി-20 ക്രിക്കറ്റിലും അവഗണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

വരാനിരിക്കുന്ന ലോകകപ്പില്‍ നിന്ന് പന്തിനെ ഇന്ത്യ ഒഴിവാക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിവീസിനെതിരായ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിന് പിന്നാലെ താരങ്ങളുടെ പ്രകടനം വിലയിരുത്തുകയായിരുന്നു 1983ലെ ലോകകപ്പ് ജേതാവ് മദന്‍ ലാല്‍.

ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി നേടിയ റിഷബ് പന്ത്‌

‘സെലക്ടര്‍മാരുടെ തീരുമാനമായാലും മറ്റേതെങ്കിലും തീരുമാനമായാലും, ഇന്ത്യയുടെ ടി-20, ഏകദിന ടീമുകളില്‍ നിന്ന് പന്തിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് എനിക്ക് സത്യത്തില്‍ മനസിലാകുന്നില്ല. ഒരുപക്ഷേ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരിക്കാം, പക്ഷേ ഇത്രയധികം കഴിവുള്ള ഒരു കളിക്കാരനെ നിങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല. ലോകകപ്പില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്ന തെറ്റ് ഇന്ത്യ വരുത്തരുത്. അദ്ദേഹം ടീമില്‍ ഉണ്ടായിരിക്കാന്‍ അര്‍ഹനാണ്, നിങ്ങള്‍ അദ്ദേഹത്തെ ലോകകപ്പിലേക്ക് കൊണ്ടുപോകണം,’ മദന്‍ ലാല്‍ പറഞ്ഞു.

കിവീസിനെതിരെ മികച്ച ബാറ്റിങ് പ്രകടനമായിരുന്നു പന്ത് പുറത്തെടുത്തത്. 153 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 128 റണ്‍സാണ് നേടിയത്.

അതേസമയം ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിലും മദന്‍ ലാല്‍ പ്രതികരിച്ചു. ഇന്ത്യ എന്ത് ഒഴിവ് കഴിവ് പറഞ്ഞാലും സിറാജിനെ മിസ് ചെയ്തിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അടുത്ത മത്സരത്തില്‍ താരത്തെ പ്ലെയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

മുഹമ്മദ് സിറാജ്

‘ടീം മാനേജ്‌മെന്റ് എന്ത് പറഞ്ഞാലും ഇന്ത്യ ഈ മത്സരത്തില്‍ മുഹമ്മദ് സിറാജിനെ മിസ് ചെയ്തതായി എനിക്ക് തോന്നുന്നു. അടുത്ത മത്സരത്തില്‍ അദ്ദേഹത്തെ തീര്‍ച്ചയായും പ്ലെയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരണം. ഡെക്കില്‍ ശക്തമായി അടിക്കാനും അധിക ബൗണ്‍സ് സൃഷ്ടിക്കാനും കഴിയുന്ന ഉയരമുള്ള ഒരു ഫാസ്റ്റ് ബൗളറാണ് സിറാജ്, ഉപരിതലത്തില്‍ നിന്ന് വാഗ്ദാനം ചെയ്യുന്ന ബൗണ്‍സിന്റെ അളവ് കണക്കിലെടുക്കുമ്പോള്‍ ഇത് പ്രത്യേകിച്ചും ഫലപ്രദമാകുമായിരുന്നു

അതേസമയം വെല്ലിങ്ടണ്ണില്‍ നടന്ന മത്സരത്തിലെ അവസാന ദിവസം ഇന്ത്യയ്ക്ക് ന്യൂസിലാന്‍ഡിനെ പുറത്താക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിലാകുകയായിരുന്നു.

സ്‌കോര്‍

ന്യൂസിലാന്‍ഡ് – 368& 239/5

ഇന്ത്യ – 720/9d

Content Highlight: Madan Lal Talking About Rishabh Pant And Mohammed Siraj

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more