| Thursday, 4th September 2025, 9:04 am

ഇന്ത്യ അവനെ കളത്തിലിറക്കണം; ഏഷ്യാ കപ്പ് ടീമില്‍ സൂപ്പര്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് മദന്‍ ലാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യ കപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.

ഇന്ത്യ പുറത്ത് വിട്ട സ്‌ക്വാഡിനെ വിമര്‍ശിച്ച് പലരും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും 1983ലെ ലോകകപ്പ് ചാമ്പ്യനുമായ മദന്‍ ലാല്‍.

ഇന്ത്യയ്ക്ക് കരുത്തുള്ള ഒരു സ്‌ക്വാഡ് ഉണ്ടെന്നും സ്‌ക്വാഡിലെ മറ്റ് ടീമുകള്‍ വ്യത്യസ്തമാണെന്നും എന്നാല്‍ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ടീമില്‍ കുല്‍ദീപ് യാദവിനെ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കരുത്തുള്ള മികച്ച സ്‌ക്വാഡാണ് ഇന്ത്യയ്ക്കുള്ളത്. എന്നിരുന്നാലും ടി-20 ഫോര്‍മാറ്റിന്റെ പ്രവചനാതീതമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇപ്പോള്‍ മികച്ച ഫോമിലുള്ള അഫ്ഗാനിസ്ഥാന്‍ എന്നിവരുടെ പ്രകടനങ്ങള്‍ വ്യത്യസ്തമാകും.

ആത്മവിശ്വാസവും ഫോമും അനിശ്ചിതത്വത്തിലായ പാകിസ്ഥാന് അഫ്ഗാനിസ്ഥാന്‍ ഒരു യഥാര്‍ത്ഥ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അതേസമയം ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവയെല്ലാം ഇപ്പോഴും അപകടകാരികളാണ്.

ടി-20 ക്രിക്കറ്റില്‍ കുല്‍ദീപ് യാദവിന്റെ വ്യത്യസ്തമായ ബൗളിങ് ശൈലി എതിരാളികള്‍ക്ക് കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളതിനാല്‍ അദ്ദേഹം ടീമില്‍ ഇടം അര്‍ഹിക്കുന്നു. സ്വാഭാവികമായും അന്തിമ തീരുമാനം പിച്ചിന്റെ അവസ്ഥയെയും ടീമിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയെയും ആശ്രയിച്ചിരിക്കും. ദുബായില്‍, അനുയോജ്യമായ സജ്ജീകരണം മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ക്കൊപ്പം രണ്ട് സ്പിന്നര്‍മാരായിരിക്കും,’ മദന്‍ ലാല്‍ എ.എന്‍.ഐയോട് പറഞ്ഞു.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Madan Lal Talking About Indian Team And Kuldeep Yadav

We use cookies to give you the best possible experience. Learn more