കോഴിക്കോട്: വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പൊലീസിനെ പിന്തുണച്ച് മഹല്ല് കമ്മിറ്റി. പള്ളിയിൽ പൊലീസ് നടത്തിയ ഇടപെടൽ സമയബന്ധിതമായിരുന്നുവെന്നും അനാവശ്യമായിരുന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് പ്രദേശത്ത് വൻ സംഘർഷം ഒഴിവാക്കാനും ക്രമസമാധാനം വീണ്ടെടുക്കാനും സാധിച്ചത് എന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
തർക്കങ്ങൾ പരിഹരിക്കാനുള്ള അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് മഹല്ല് കമ്മിറ്റി പോലീസിന്റെ സഹായം തടിയത്. സംഭവത്തിന്റെ പേരിൽ ചോമ്പാല എസ്.ഐ ഷമീൽ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ കോഴിക്കോട് റൂറൽ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയ ആഭ്യന്തര വകുപ്പിന്റെ നടപടി തെറ്റാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
നിയമപാലകരെ ശിക്ഷിക്കുന്നതിന് പകരം, ആരാധന തടസ്സപ്പെടുത്തുകയും നിയമം ലംഘിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. പോലീസ് ബൂട്ടിട്ട് പള്ളിക്കുള്ളിൽ പ്രവേശിച്ചതിനെ വിമർശിച്ച മുസ് ലിം ലീഗും സി.പി.ഐ.എമ്മും യാഥാർത്ഥ്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും മഹല്ല് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സ്ഥാനമാറ്റത്തെ തുടർന്ന് പയ്യോളി എസ്.എച്ച്.ഓ ജയ്മോൻ പി.ജെക്ക് ചോമ്പാല എസ്.എച്ച്.ഓ ആയി പുതിയ ചുമതല നൽകിയിട്ടുണ്ട്. അതിനിടെ, പള്ളിയിൽ നടന്ന സംഭവങ്ങളുടെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. നിലവിലെ ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്തിയത് ഒരു വിഭാഗം എതിർത്തതാണ് സംഘർഷത്തിന് കാരണമായത്. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതും, സ്ഥിതി നിയന്ത്രിക്കാൻ പോലീസ് ഇടപെടുന്നതും, പോലീസിന് നേരെ പള്ളിക്കുള്ളിൽ പ്രതിഷേധം ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെച്ചൊല്ലി രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളും ശക്തമായിട്ടുണ്ട്. പള്ളിക്കുള്ളിൽ ബൂട്ടിട്ടു കയറിയ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് മുസ് ലിം ലീഗും കെ.കെ. രമ എം.എൽ.എയും ആവശ്യപ്പെട്ടു.
എന്നാൽ, പള്ളിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും വിശ്വാസികളെ മർദ്ദിക്കാനും പൊലീസിനെ വിളിച്ചുവരുത്തിയത് മുസ്ലിം ലീഗാണെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ആരോപിച്ചു. കുറ്റ്യാടി മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ അറിവോടെയാണ് പോലീസ് പള്ളിയിലെത്തിയതെന്നും, അതിനുശേഷം ഉണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം പോലീസിന്റെ തലയിൽ കെട്ടിവെച്ച് യു.ഡി.എഫ് നേതൃത്വം രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സി.പി. ഐ.എം കുറ്റപ്പെടുത്തി.
Content Highlight: Madakkara Mosque Incident: Mahallu Committee Defends Police, Claims Intervention Averted Major Violence