| Saturday, 29th August 2026, 1:24 pm

മാടാക്കര പള്ളി സംഘർഷം: പാറക്കൽ അബ്ദുള്ള എം.എൽ.എയ്‌ക്കെതിരെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ

കെ.എസ് ഷാബിന

വടകര: കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പാറക്കൽ അബ്ദുള്ള എം.എൽ.എയ്‌ക്കെതിരെ ആരോപണവുമായി മഹല്ല് കമ്മിറ്റി ഭാരവാഹികൾ. പള്ളിയിൽ നടക്കാനിരുന്ന പരിപാടികളിൽ പങ്കെടുക്കേണ്ട മതപ്രഭാഷകരെയും പണ്ഡിതരെയും പാറക്കൽ അബ്ദുള്ള തടഞ്ഞുവെന്നും ഇത് അനുരഞ്ജനത്തിന്റെ ഭാഗമല്ലെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പാറക്കൽ അബ്ദുള്ള എം.എൽ.എ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും പള്ളിയിൽ നടക്കാനിരുന്ന സ്വലാത്ത് വാർഷികം ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കാനിരുന്ന മതപ്രഭാഷകരെയും നേതാക്കളെയും അദ്ദേഹത്തിന്റെ പിന്തുണയോടെ മുടക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വരാതിരുന്ന പ്രഭാഷകനായ അബ്ദുസമദ് പൂക്കോട്ടൂരുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ, പാറക്കൽ അബ്ദുള്ള സാഹിബിനോട് സംസാരിക്കാനാണ് മറുപടി ലഭിച്ചതെന്നും, അബ്ദുള്ള സാഹിബ് മുഖേന പ്രഭാഷകർ വരുന്നത് തടയുന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

രാഷ്ട്രീയക്കാരുടെ അഭിപ്രായമല്ല, പള്ളിക്കമ്മിറ്റി ഭാരവാഹികളെന്ന നിലയിലുള്ള തങ്ങളുടെ അഭിപ്രായമാണ് പറയുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ലാത്തിച്ചാർജിന് പിന്നാലെ പൊലീസുകാരെ സ്ഥലം മാറ്റിയതിൽ തങ്ങൾക്ക് പ്രതിഷേധമില്ലെന്നും സ്ഥലംമാറ്റം ഡിപ്പാർട്ട്‌മെന്റിന്റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും അവർ പറഞ്ഞു.

പള്ളിക്കമ്മിറ്റിയുടെ പഴയ ഭാരവാഹികളാണ് സംഘർഷങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും പി.കെ. അഷ്‌റഫിന്റെ പിന്തുണയോടെ പുറത്തുനിന്നാണ് ഇവർ കാര്യങ്ങൾ നടത്തുന്നതെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.

വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നാലുപുരക്കൽ, വൈസ് പ്രസിഡന്റുമാരായ കെ.സി. മമ്മു, ബഷീർ ചെമ്പോളി, ജോയിന്റ് സെക്രട്ടറിമാരായ സി.കെ. നദീർ, എ.എസ്. അസറുദ്ദീൻ, കെ.കെ. ഫൈസൽ എന്നിവർ പങ്കെടുത്തു.

മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് പൊലീസ് പള്ളിയിൽ കയറിയത്. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം നേരത്തെ തന്നെ നിലനിന്നിരുന്നു. ഖത്തീബിനെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പാണക്കാട് വെച്ച് അനുരഞ്ജന ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചിരുന്നു.

എന്നാൽ നബിദിനവുമായി ബന്ധപ്പെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്താനുള്ള ഒരുക്കത്തെ എതിർവിഭാഗം ചോദ്യം ചെയ്തതോടെയാണ് വീണ്ടും തർക്കമുണ്ടായത്. തുടർന്ന് മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.

സംഘർഷത്തിനിടെ പൊലീസ് പള്ളിയിൽ കയറി ലാത്തിവീശിയിരുന്നു. നിസ്‌കാരപ്പായയിൽ പൊലീസ് ബൂട്ടിട്ട് കയറിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ലാത്തിവീശിയ പൊലീസുകാരെ സ്ഥലം മാറ്റി. മാടാക്കര പള്ളിയിൽ മുമ്പും പലതവണ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സമാനമായ സംഭവങ്ങളിൽ നാല് തവണ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.

Content Highlight: Madakkara Mosque Conflict: Mahallu Committee Leaders Against Parakkal Abdulla MLA

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more