പാരിസ്: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണമെങ്കില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
ഫലസ്തീനെതിരായ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇസ്രഈലിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ട്രംപിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ഫ്രാന്‍സിലെ ബി.എഫ്.എം ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.
‘ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒരു വ്യക്തിയുണ്ടെങ്കില്‍ അത് അമേരിക്കന്‍ പ്രസിഡന്റാണ്. മറ്റൊന്നുമല്ല ഗസയില്‍ യുദ്ധം നടത്താനായി ഇനി തങ്ങള്‍ ആയുധങ്ങള്‍ നല്‍കില്ലെന്ന് യു.എസ് തീരുമാനിച്ചാല്‍ മാത്രം മതി. അവര്‍ അത് ചെയ്യേണ്ടതുണ്ട്,’ മാക്രോണ്‍ പറഞ്ഞു.
ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഗസയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങളെ അദ്ദേഹം തള്ളുകയും, അത് ഹമാസിന് നല്‍കുന്ന പ്രതിഫലമായിരിക്കുമെന്ന് പറയുകയുമായിരുന്നു.
ട്രംപിന്റെ ഈ പ്രസംഗത്തേയും മാക്രോണ്‍ വിമര്‍ശിച്ചു. ‘എനിക്ക് സമാധാനം വേണം, ഏഴ് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം താന്‍ ആഗ്രഹിക്കുന്നു, എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേ കാര്യം അദ്ദേഹം പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. എനിക്കിതില്‍ പറയാന്‍ ഒന്നേയുള്ളൂ. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ഗസയിലെ സംഘര്‍ഷം അവസാനിപ്പിക്കുക. ഗസയില്‍ യുദ്ധം നടത്താന്‍ ഇസ്രഈല്‍ ഉപയോഗിക്കുന്ന ആയുധം അമേരിക്കയുടേതാണ്. ഞങ്ങളുടേതല്ല. ,’ മാക്രോണ്‍ പറഞ്ഞു.
ഗസയില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്നും ഹമാസ് തടവിലാക്കിയിരുന്ന ബന്ദികളെ അതിന് ശേഷം മോചിപ്പിക്കാമെന്നും മാക്രോണ്‍ പറഞ്ഞു.
ഗസയിലെ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇസ്രഈല്‍ സമ്മതിക്കുന്ന ദിവസം തന്നെ യഥാര്‍ത്ഥത്തില്‍ ഒരു ഫലസ്തീന്‍ രാഷ്ട്രം സാധ്യമാകുകയാണെന്നും മാക്രോണ്‍ പറഞ്ഞു.
അതേസമയം ജറുസലേമിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് അടച്ചുപൂട്ടുകയോ അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയോ പോലുള്ള പ്രതികാര നടപടികളിലേക്ക് ഇസ്രഈല്‍ കടന്നേക്കുമോ എന്ന ചോദ്യത്തിനും മാക്രോണ്‍ മറുപടി നല്‍കി.
‘ഞങ്ങള്‍ തയ്യാറാണ്. സാധ്യമായ എല്ലാ സാധ്യതകളും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. അതായത് ഞങ്ങള്‍ ഒരിക്കലും നിഷ്‌ക്രിയരായി തുടരില്ല. ഞങ്ങള്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു, എല്ലായ്‌പ്പോഴും ഫ്രാന്‍സിന്റെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന’ മാക്രോണ്‍ പറഞ്ഞു.
യു.കെ, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. ഇതോടെ ഏകദേശം 150 ഓളം വരുന്ന രാജ്യങ്ങളാണ് ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്.
എന്നാല്‍ ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്നാണ് നെതന്യാഹു കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്.
Content Highlight: Macron says Trump should stop Gaza war if he wants Nobel peace prize