പാരീസ്: രാജ്യത്ത് ‘നിയമവിരുദ്ധമായ’ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ക്കെതിരെയും പ്രതിഷേധം തുടരുന്നതിനിടെയാണ് മാക്രോണിന്റെ പ്രഖ്യാപനം.
ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധം കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി നടന്നിരുന്നു. ഇനി വരുന്ന വാരാന്ത്യത്തിലും ഇത്തരം പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് പ്രകടനങ്ങള്‍ നിരോധിക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ സംഘര്‍ഷങ്ങള്‍ക്കും ഫ്രാന്‍സ് സാക്ഷ്യം വഹിച്ചിരുന്നു.
വരും ദിവസങ്ങളില്‍ നിയമവിരുദ്ധമായ എല്ലാ പ്രകടനങ്ങളും നിരോധിക്കുമെന്ന് പറഞ്ഞ മാക്രോണ്‍ അംഗീകൃത സംഘടനകളുടെ പ്രകടനങ്ങള്‍ക്ക് അനുമതിയുണ്ടാകുമെന്നും അറിയിച്ചു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായും മുതിര്‍ന്ന മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
അംഗീകൃത സംഘടനകളുടെ പ്രകടനങ്ങളുടെ റൂട്ടുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. ‘ട്രേഡ് യൂണിയനുകള്‍ പോലുള്ള സംഘടനകളുടെ അപേക്ഷകള്‍ നിയമപ്രകാരം പരിശോധിക്കും, എന്നാല്‍ അവര്‍ക്ക് മറ്റ് വഴികളിലൂടെ നീങ്ങേണ്ടി വന്നേക്കാം,’ മാക്രോണ്‍ പറഞ്ഞു.
‘നിയമപരമായ അധികാരമൊന്നുമില്ലാത്ത വ്യക്തികളോ ഗ്രൂപ്പുകളോ ആവശ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ നിരോധിക്കും. നിയമങ്ങള്‍ ലളിതമാണ്, അവ സാമാന്യബോധത്തിന് നിരക്കുന്നതുമാണ്. വരും ദിവസങ്ങളില്‍ പ്രകടനങ്ങള്‍ പാടില്ല എന്നതാണ് പൊതുവായ നിര്‍ദേശം,’ പ്രസിഡന്റ് പറഞ്ഞു. നഗര കേന്ദ്രങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് ഈ നടപടികള്‍ അനിവാര്യമാണെന്നും ഫ്രഞ്ച് പ്രസിഡിന്റ് പറയുന്നു.
കഴിഞ്ഞ വാരാന്ത്യത്തിലുണ്ടായ അശാന്തിക്കും കൊള്ളയടിക്കലുകള്‍ക്കും പിന്നില്‍, പ്രത്യേകം കൊള്ളയടിക്കാന്‍ എത്തിയവരാണെന്ന് മാക്രോണ്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഏറ്റവും ഗുരുതരമായ അക്രമങ്ങള്‍ നടന്നത് ‘റിപ്പബ്ലിക്കിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുടെ രാഷ്ട്രീയപരവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങള്‍’ കാരണമാണെന്നും പ്രസിഡന്റ് ആരോപിച്ചു.
ശനിയാഴ്ചയും അതിനുശേഷവും നടക്കാന്‍ സാധ്യതയുള്ള പുതിയ രാജ്യവ്യാപക പ്രതിഷേധങ്ങളെ നേരിടാന്‍, വെള്ളിയാഴ്ച പ്രധാന മന്ത്രിമാരുള്‍പ്പെടുന്ന പ്രതിരോധ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും മാക്രോണ്‍ അറിയിച്ചു.
പ്രതിഷേധം തുടരുന്നതിനിടെ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രധാന നഗരങ്ങളിലെ മേയര്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു.
പാരീസില്‍ വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പോലീസ് ഏര്‍പ്പെടുത്തിയ നിരോധനം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഗ്രെനോബിള്‍, റൂവന്‍, ലെ ഹാവ്രെ, ടൂലോണ്‍ എന്നിവിടങ്ങളില്‍ അന്ന് നടത്താനിരുന്ന മാര്‍ച്ചുകള്‍ അധികൃതര്‍ തടഞ്ഞു.
പാരിസില്‍ ഈ വാരാന്ത്യത്തില്‍ യെല്ലോ വെസ്റ്റ് സംഘടനയിലെ അംഗങ്ങളും വിദ്യാര്‍ത്ഥികളും നടത്താന്‍ തീരുമാനിച്ച മാര്‍ച്ചിന് അദികൃതര്‍ അനുമതി നിഷേധിച്ചു. 2018-ലും 2019-ലും ഫ്രാന്‍സില്‍ ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധിച്ച സംഘടനയാണ് യെല്ലോ വെസ്റ്റ്.
ഫ്രാന്‍സിലെ മൂന്നാമത്തെ വലിയ നഗരമായ ലിയോണില്‍, ശനിയാഴ്ച നടക്കാന്‍ പോകുന്ന ‘എല്ലാ പ്രതിഷേധങ്ങള്‍ക്കും’ അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇവിടെ 200-ഓളം മുതല്‍ 300-ഓളം വരെ കടകള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാര്‍സെയി, നൈസ്, ടൂലോണ്‍ എന്നിവിടങ്ങളിലും പ്രാദേശിക ഭരണാധികാരികള്‍ സമാനമായ നിരോധനങ്ങള്‍ പ്രഖ്യാപിച്ചു. പാരീസില്‍ ‘പ്ലേസ് ഡി ലാ ബാസ്റ്റില്‍’ നിന്ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ചിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗര മധ്യത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി.
ഈ വാരാന്ത്യത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ സൈനിക വിഭാഗങ്ങളെ വിന്യസിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പ്രതിനിധി ലോറന്റ് നുനെസ് പറഞ്ഞിരുന്നു. സെന്റിനെല്‍ സേനയെ വിന്യസിക്കുമെന്ന് നുനെസ് പറഞ്ഞു. ആഭ്യന്തര സുരക്ഷാ സേനകള്‍ക്ക് പകരമായിട്ടായിരിക്കും ഇവരെ നിയോഗിക്കുക.
സ്‌കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫ്രാന്‍സില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധം വളരെപ്പെട്ടെന്ന് തന്നെ രാജ്യവ്യാപകമായി മാറുകയായിരുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്നതും സര്‍ക്കാര്‍ പ്രശ്നങ്ങള്‍ നേരിടാന്‍ ഒന്നും ചെയ്യാത്തതുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങാന്‍ കാരണമായി.
ഈ പ്രക്ഷോഭം അസമത്വത്തിനും ജീവിതച്ചെലവ് വര്‍ധനവിനുമെതിരായ വലിയൊരു മുന്നേറ്റമായി മാറിയതായി വിലയിരുത്തപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ 2027-ലെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ചെലവ് ചുരുക്കല്‍ നടപടികള്‍ക്കുമെതിരെ തൊഴിലാളി യൂണിയനുകളും ഇതില്‍ പങ്കുചേര്‍ന്നു. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പകരക്കാരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെയാണ് രാജ്യത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളുണ്ടാവുന്നത്.
Content Highlight: Macron bans ‘illegitimate’ protests in France as he tries to get a grip on unrest