| Monday, 6th April 2026, 1:29 pm

2040 ല്‍ ആരെ നമ്മള്‍ വിവാഹം കഴിക്കണമെന്ന് യന്ത്രം പറയും; ലവ് ഇന്‍ഷുറന്‍സ് കമ്പനിയെ കുറിച്ച് പ്രദീപ് രംഗനാഥന്‍

ഐറിന്‍ മരിയ ആന്റണി

തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി. വിഘ്നേഷ് ശിവന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി, എസ്.ജെ .സൂര്യ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് അനൗണ്‍സ്മെന്റ് മുതല്‍ വലിയ ഹൈപ്പുണ്ടായിരുന്നു.

ലവ് ടുഡേ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴിലൊട്ടാകെ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥന്റെ രണ്ടാമത് വരാനിരുന്ന സിനിമയായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് ഡേറ്റ് പലയാവര്‍ത്തി മാറ്റിവെച്ചു.

ഒടുവില്‍ ഏപ്രില്‍ 10ന് സിനിമ തിയേറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു. 2040ല്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രണയകഥയെ ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ പ്രദീപ് രംഗനാഥന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. എ.ഐ ഒരുപാട് വളര്‍ന്ന കാലമാണിതെന്നും ആളുകള്‍ ഇന്ന് ചാറ്റ് .ജി.ബിടിയെ കൂടുതല്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘മനുഷ്യരെക്കാള്‍ കൂടുതല്‍ നമ്മള്‍ ചാറ്റ് ജി.ബിടിയില്‍ വിശ്വസിക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ വിവരങ്ങളും ശരിയാണോ? ഇപ്പോള്‍ എ.ഐ സെലിബ്രിറ്റികളുടെയും മറ്റുള്ളവരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സൃഷ്ടിച്ച് പല പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് 2026-ല്‍ മാത്രമാണ്, അപ്പോള്‍ 2040-ല്‍ എന്ത് സംഭവിക്കും, മെഷീന്‍ പറയും ആരെ നമ്മള്‍ വിവാഹം കഴിക്കണം എന്ന്. അതാണ് ലവ് ഇന്‍ഷുറന്‍ കമ്പനി,’ പ്രദീപ് രംഗനാഥന്റെ വാക്കുകള്‍.

നമ്മള്‍ ഇന്ന് ഫോണുമായി സംസാരിക്കാന്‍ തുടങ്ങിയെന്നും ചാറ്റ്ജിബിറ്റിയോട് ഒരുപാട് ചോദ്യങ്ങള്‍ ഇപ്പോള്‍ നമ്മള്‍ ചോദിക്കുന്നുണ്ടെന്നും പ്രദീപ് രംഗനാഥന്‍ പറഞ്ഞു. തന്നെ എല്ലാവരും ഇത്രയും സ്‌നേഹിക്കുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും പ്രേക്ഷകരുടെ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ വിഘ്നേഷ്, പ്രദീപുമായി സഹകരിക്കുന്ന ആദ്യ ചിത്രമാണ് എല്‍.ഐ.കെ. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധാനം. സംവിധായകനായി കരിയര്‍ തുടങ്ങി ഇന്ന് നായകനടനായും ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്ന പ്രദീപിന് അന്യഭാഷകളിലും ആരാധകരുണ്ട്. അഭിനയിച്ച മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റായ പ്രദീപിന്റെ അടുത്ത ഹിറ്റായിരിക്കും ലവ് ഇന്‍ഷുറന്‍സ് കമ്പനിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight:  machine will tell us who we should marry in 2040; Pradeep Ranganathan about the love insurance company

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more