ടെല്‍ അവീവ്: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ജൂത ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന മക്കാബിയ ഗെയിംസ് മാറ്റിവെച്ചു. അടുത്ത വര്‍ഷത്തേക്കാണ് ഗെയിംസ് മാറ്റി വെച്ചിരിക്കുന്നത്. 55 രാജ്യങ്ങളില്‍ നിന്നുള്ള 8000 കായികതാരങ്ങളെ ഉള്‍പ്പെടുത്തി ജെറുസലേമിലാണ് പരിപാടി സംഘടിപ്പിക്കാനിരുന്നത്.
ഗെയിംസ് മാറ്റിവയ്ക്കാനുള്ള തീരുമാനം മക്കാബിയയുടെ സംഘാടകരും ഇസ്രഈലിന്റെ കായിക, സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി എടുത്തതാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി രാജ്യത്തെ അടിയന്തരാവസ്ഥ ജൂണ്‍ 30 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ജൂലൈ എട്ടിന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന പരിപാടിയുടെ കാര്യത്തില്‍ ആശങ്ക ഉയരുകയായിരുന്നു.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മത്സരങ്ങളാണ് മക്കാബി ഗെയിംസില്‍ ഉണ്ടായിരുന്നത്. ജറുസലേമില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് കുറഞ്ഞത് മൂന്ന് ആഴ്ചത്തെ തയ്യാറെടുപ്പ് ആവശ്യമാണ്, കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും സംഘാടകരുമെല്ലാം ഗെയിംസിന് ഒരാഴ്ച മുമ്പ് തന്നെ രാജ്യത്ത് എത്തുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഗെയിംസ് മാറ്റിവെച്ചത്.
മക്കാബിയ ഗെയിംസ് നടപ്പിലാക്കാന്‍ സാധിക്കാത്തതിനാല്‍ തങ്ങള്‍ നിരാശരാണെന്നും ലക്ഷക്കണക്കിന് ആളുകളാണ് ഇത് സാധ്യമാക്കാന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മക്കാബി വേള്‍ഡ് യൂണിയന്‍ സി.ഇ.ഒ അമീര്‍ ഗസിന്‍ പറഞ്ഞു. എന്നാല്‍ ഈ സമയത്ത് ഇത് തികച്ചും ഉത്തരവാദിത്തപരമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും ഭദ്രതയും തങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നും ആളുകള്‍ പ്രതീക്ഷിക്കുന്ന മക്കാബിയ അനുഭവം തങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമായതായി ഗിസിന്‍ കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രഈലിന്റെ വ്യോമാതിര്‍ത്തി അടച്ചിരിക്കുന്നതിനാല്‍, ഇസ്രഈലിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാണ്. ഇക്കാരണത്താല്‍ കൂടിയാണ് ഗെയിംസ് മാറ്റിവെച്ചത്.
1920കളില്‍ ഇസ്രഈലില്‍ ഒരു അന്താരാഷ്ട്ര ജൂത കായിക മത്സരം വേണമെന്ന ആശയം ആദ്യമായി വിഭാവനം ചെയ്തത് സയണിസ്റ്റും കായിക പ്രേമിയുമായ യോസേഫ് യെകുറ്റിയേലിയാണ്. 1932 മാര്‍ച്ചില്‍ ടെല്‍ അവീവില്‍ നടന്ന ആദ്യത്തെ മക്കാബിയയ്ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹം സഹായിച്ചു. ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു അന്ന് അദ്ദേഹം ഗെയിംസ് നടത്തിയത്. 1932ലാണ് ആദ്യത്തെ മക്കാബിയ ഗെയിംസ് സംഘടിപ്പിച്ചത്.
18 രാജ്യങ്ങളില്‍ നിന്നുള്ള 390ലധികം അത്ലറ്റുകള്‍ ഈ മത്സരത്തില്‍ പങ്കെടുത്തു. 1938ല്‍ നടത്താനിരുന്ന മൂന്നാമത്തെ മക്കാബിയ ഗെയിംസ്, ഹോളോകോസ്റ്റിനെത്തുടര്‍ന്ന് 1950ലാണ് നടന്നത്. 1957 മുതല്‍ നാല് വര്‍ഷത്തിലൊരിക്കല്‍ ഗെയിംസ് നടക്കുന്നുണ്ട്.
ഏറ്റവും ഒടുവിലായി 2022ലാണ് മക്കാബിയ നടത്തിയത്. 2021ലെ ഗെയിംസ് കൊവിഡ് കാരണം 2022ലേക്ക് മാറ്റുകയായിരുന്നു.
Content Highlight: Maccabiah postponed due to Israel-Iran conflict