| Sunday, 25th January 2026, 8:20 am

സ്പിരിറ്റില്‍ ഡോണ്‍ ലീ വരുമോ ഇല്ലയോ, എല്ലാം മാര്‍ച്ച് ഒന്നിന് അറിയാം

അമര്‍നാഥ് എം.

രാജാസാബ് സമ്മാനിച്ച വന്‍ നഷ്ടം സ്പിരിറ്റിലൂടെ മറികടക്കുമെന്നാണ് പ്രഭാസ് ആരാധകര്‍ കരുതുന്നത്. അനിമലിന്റെ ഗംഭീര വിജയത്തിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന ചിത്രത്തിന് ഇപ്പോള്‍ തന്നെ വലിയ ഹൈപ്പാണ്. കരിയറിലെ ആദ്യ പൊലീസ് വേഷവുമായി പ്രഭാസ് എത്തുമ്പോള്‍ സന്ദീപ് ഒരിക്കല്‍ കൂടി ഞെട്ടിക്കുമെന്നാണ് പ്രതീക്ഷകള്‍.

സ്പിരിറ്റ് അനൗണ്‍സ് ചെയ്തതുമുതല്‍ വലിയൊരു റൂമര്‍ ഉയര്‍ന്നുകേട്ടിരുന്നു. കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക്/ ഡോണ്‍ ലീ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. മാ ഡോങ് സിയോക്കിനെപ്പോലൊരു വലിയ താരത്തിന്റെ പ്രതിഫലം ഇന്ത്യന്‍ സിനിമക്ക് ഒരിക്കലും താങ്ങാനാകില്ലെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

പല അഭിമുഖങ്ങളിലും സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക ഡോണ്‍ ലീയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാറുണ്ടായിരുന്നു. സ്പിരിറ്റിന്റെ ഓഡിയോ ടീസറിലും ഡോണ്‍ ലീയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സ്പിരിറ്റില്‍ ഡോണ്‍ ലീ ഉണ്ടാകുമോ ഇല്ലയോ എന്ന് അധികം വൈകാതെ അറിയാനാകുമെന്നാണ് പുതിയ വിവരം.

മാര്‍ച്ച് ഒന്നിന് മാ ഡോങ് സിയോക്കിന്റെ പിറന്നാളാണ്. ഒരുപക്ഷേ താരം സ്പിരിറ്റിന്റെ ഭാഗമാണെങ്കില്‍ അന്നേദിവസം അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിക്കുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ ഡോണ്‍ ലീ സ്പിരിറ്റിന്റെ ഭാഗമാകുന്നുണ്ടെന്നുള്ള അപ്‌ഡേറ്റ് പുറത്തുവന്നാല്‍ സോഷ്യല്‍ മീഡിയ നിന്നുകത്തുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.

സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തില്‍ പുലികളായ രണ്ട് സൂപ്പര്‍താരങ്ങള്‍ വാങ്കയെപ്പോലെ മികച്ചൊരു ടെക്‌നീഷ്യന്റെ ഫ്രെയിമിലെത്തുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഡോണ്‍ ലീയുടെ ട്രേഡ്മാര്‍ക്കായ വണ്‍ പഞ്ച് സ്പിരിറ്റിലുണ്ടെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ടെന്നും ആരാധകര്‍ അവകാശപ്പെടുന്നു.

വന്‍ ബജറ്റിലൊരുങ്ങുന്ന സ്പിരിറ്റില്‍ തൃപ്തി ദിമ്രിയാണ് നായിക. പ്രഭാസിന്റെ കഥാപാത്രത്തിന് തൃപ്തി സിഗാര്‍ കത്തിച്ചുകൊടുക്കുന്ന ഫോട്ടോയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ടിപ്പിക്കല്‍ വാങ്കാ സ്റ്റൈലിലുള്ള ചിത്രം തന്നെയാണ് സ്പിരിറ്റെന്ന് ഈയൊരൊറ്റ പോസ്റ്ററിലൂടെ സന്ദീപ് റെഡ്ഡി വ്യക്തമാക്കി. ദേഷ്യം കണ്‍ട്രോള്‍ ചെയ്യാനാകാത്ത പൊലീസ് ഓഫീസറുടെ കഥയാണ് സ്പിരിറ്റ് പറയുന്നത്. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Ma Dong Seok’s presence in Spirit movie discussing again in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more