| Friday, 30th June 2017, 7:40 am

സിനിമയിലെ പുരുഷാധിപത്യം ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യങ്ങള്‍: വിമന്‍ ഇന്‍ സിനിമ കലക്ടീവിന് പിന്തുണയുമായി എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിനിമാ പ്രവര്‍ത്തകരായ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിന് പിന്തുണയുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.

മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണെന്നും സിനിമയില്‍ മാത്രമല്ല കേരള സമൂഹത്തിലാകെ ദീര്‍ഘകാലത്തേക്കുള്ള മാറ്റം വരുത്തുന്നതാണ് ഈ സംഭവവികാസങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സിനിമാ രംഗത്ത് സ്ത്രീകളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നത്. ഇത്തരത്തിലൊരു സംഘടന എന്ന ആശയം തന്നെ വിപ്ലവകരമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read:‘സ്വന്തം നിലയ്ക്ക് നടിക്ക് പിന്തുണ നല്‍കാനുള്ള ശേഷിയും കരുത്തുമുണ്ട്’; അമ്മയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് വനിത താരങ്ങളുടെ കൂട്ടായ്മ


“ഒരു യുവനടി ഹീനമായ ആക്രമണത്തിന് വിധേയമായതാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ക്ക് കാരണം. ആ പെണ്‍കുട്ടി ഈ ആക്രമണത്തെക്കുറിച്ച് പരാതിപ്പെടാനുള്ള ധീരത കാണിച്ചു. സിനിമയിലും സമൂഹത്തിലാകെയും ഇത്തരം ആക്രമണങ്ങള്‍ പലപ്പോഴും മൂടിവയ്ക്കാറാണ് പതിവ്. ഈ പെണ്‍കുട്ടിയ്‌ക്കൊപ്പം കേരളസമൂഹവും സിനിമാലോകത്തെ വലിയൊരു പങ്കും ഉറച്ച് നില്ക്കുകയും ചെയ്തു. സര്‍ക്കാരും പൊലീസും ശക്തമായ നടപടി സ്വീകരിക്കുകയും പ്രതികള്‍ തടവിലാവുകയും ചെയ്തു.” അദ്ദേഹം കുറിക്കുന്നു.

“ഇത്തരത്തിലൊരു സംഘടന എന്ന ആശയം തന്നെ വിപ്ലവകരമാണ്. കുറച്ചുകാലം മുമ്പ് സിനിമയിലെ സ്ത്രീകള്‍ക്ക് ഇങ്ങനെ ആലോചിക്കാന്‍ പോലും പറ്റില്ലായിരുന്നു. സിനിമ സംഘടനകളില്‍ ഏറ്റവും ശക്തമായ താരങ്ങളുടെ സംഘടന തന്നെ ഈ സ്ത്രീ കൂട്ടായ്മയെ അംഗീകരിച്ചിരിക്കുന്നു. ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ മാത്രമല്ല, അതിലില്ലാത്ത സ്ത്രീകളും സിനിമയിലെ പുരുഷ മേധാവിത്വത്തെ തങ്ങളുടെ പ്രവൃത്തികളിലൂടെ വെല്ലുവിളിക്കാനാരംഭിച്ചിരിക്കുന്നു. ” അദ്ദേഹം കുറിക്കുന്നു.

സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെല്ലാം എതിരായി സംഘടന നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് സിനിമയിലുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതില്‍ ആര്‍ക്കും പിന്നിലല്ല എന്നു പറഞ്ഞ അദ്ദേഹം സിനിമയിലെ പഴയ തലമുറ ഈ മാറ്റം കാണണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

“ഇന്ന് സിനിമയിലേക്ക് വന്നിട്ടുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതില്‍ ആര്‍ക്കും പിന്നിലല്ല. സിനിമയിലിന്ന് സംവിധായകരായും സാങ്കേതിക വിദഗ്ധരായും ഒക്കെ സ്ത്രീകളുണ്ട്. അവരെ പണ്ടെപ്പോലെ കീഴടക്കി വയ്ക്കാമെന്ന് ആരും കരുതരുത്. സിനിമയിലെ മുന്‍ തലമുറ ഈ മാറ്റം കാണണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.” ബേബി വ്യക്തമാക്കി.

“കേരളസമൂഹത്തില്‍ പുരുഷാധിപത്യം ഉള്ളത് സിനിമയില്‍ മാത്രമല്ല. സമൂഹജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമുണ്ടത്- കുടുംബം, രാഷ്ട്രീയം, മതം, മാധ്യമം, മുതലാളിത്തം, തൊഴില്‍, സംഘടനകള്‍, സാഹിത്യം, കല എന്നിങ്ങനെ എല്ലായിടത്തും. പുരുഷന്‍ തീരുമാനിക്കും സ്ത്രീ അനുസരിക്കും. പുരുഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും. എന്നാല്‍ ഈ സ്ഥിതി ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.” എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more