കൊച്ചി: വിവാദ ക്ഷേമപെന്‍ഷന്‍ പരാമര്‍ശത്തില്‍ എം.എം. മണിയെ തള്ളി സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി.
എം.എം. മണിയുടേത് അനുചിതമായ പ്രസ്താവനയാണെന്നും ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ലെന്നും എം.എം. ബേബി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവാദ പരാമര്‍ശം എം.എം. മണി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം.എ. ബേബി പറഞ്ഞു.
‘സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങളുടെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. ഇടതുപക്ഷം എന്നും ആ സമീപനമാണ് പിന്തുടരുന്നത്. അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് മണിയുടെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷ,’ എം.എ. ബേബി പറഞ്ഞു.
പെന്‍ഷെനെല്ലാം കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങള്‍ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തുവെന്നും നന്ദികേട് കാണിച്ചുവെന്നുമായിരുന്നു എം.എം. മണിയുടെ വിവാദ പരാമര്‍ശം. പിന്നാലെ രൂക്ഷവിമര്‍ശനമാണ് മണിക്കെതിരെ ഉയര്‍ന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ എം.എം. മണിക്കെതിരെ രംഗത്തെത്തി. ആനുകൂല്യങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്ന് ഔദാര്യം കൊടുത്തതാണോ എന്നും മണി പറഞ്ഞത് പിണറായി വിജയന്‍ അടക്കമുള്ളവരുടെ മനസിലിരിപ്പാണെന്നുമാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്.
എന്നാല്‍ എം.എം. മണിയെ ന്യായീകരിക്കും വിധത്തിലുള്ള പ്രതികരണമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനും സി.പി.ഐ.എം നേതാവായ എം.വി. ജയരാജനും നടത്തിയത്.
എം.എം. മണിയുടെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റേതായ ശൈലിയിലാണ് സംസാരിച്ചതെന്നുമാണ് എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്.
പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിപ്പിച്ചിട്ടും എങ്ങനെയാണ് എല്‍.ഡി.എഫ് പരാജയപ്പെട്ടതെന്ന് കണ്ടെത്തണമെന്നായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം.
Content Highlight: MA Baby slams MM Mani over controversial welfare pension remark