| Sunday, 6th September 2026, 4:52 pm

'നേതൃമാറ്റം മാധ്യമ അജണ്ട'; അണികള്‍ പാര്‍ട്ടിക്ക് എതിരായി വോട്ട് ചെയ്തത് തെറ്റെന്ന് എം.എ. ബേബി

റെന്വര്‍ പി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കേരളത്തില്‍ സി.പി.ഐ.എമ്മില്‍ നേതൃമാറ്റമുണ്ടാവുമെന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഒരു അജണ്ടയാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നേതൃമാറ്റമല്ല അജണ്ടയെന്നും ബേബി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയെന്നും ബേബി പറഞ്ഞു. പാര്‍ട്ടി ഒരിടത്ത് നിന്ന് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ കുറിച്ച് സഖാക്കള്‍ക്ക് പരാതിയോ പരിഭവമോ ഉണ്ടാവാം. പക്ഷേ ആ പരാതിയോ പരിഭവമോ പാര്‍ട്ടി എതിരായിട്ട് വോട്ട് ചെയ്യുന്നതിലേക്ക് ഒരിക്കലും പൊയ്ക്കൂടായെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വതിനും ഉപരിയായി പാര്‍ട്ടിയുടെ താല്പര്യത്തെയാണ് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന് ഓരോ പാര്‍ട്ടി അംഗവും പ്രതിജ്ഞ ചെയ്യാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍ പല പ്രധാനപ്പെട്ട നേതാക്കന്മാരും വിശദീകരിച്ചതുപോലെ പാര്‍ട്ടിയുടെ ഒപ്പം നില്‍ക്കുക എന്നുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഏതു സാഹചര്യത്തില്‍ ആണെങ്കിലും വ്യതിചലിച്ചു പോവുക എന്ന് പറയുന്നത് ഒരു തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അങ്ങനെ വ്യതിചലിച്ചു പോയി പാര്‍ട്ടിക്ക് എതിരായി നിന്നവര്‍ക്ക് വോട്ട് ചെയ്യുന്ന മനോഭാവത്തിലേക്ക് പോയി എന്നുള്ള തെറ്റ് അങ്ങനൊരു നിലപാടിലേക്ക് പോയവര്‍ മനസ്സിലാക്കണം. തെറ്റുകള്‍ പറ്റുന്നത് തിരിച്ചറിഞ്ഞ് ഏറ്റുപറയാനും തിരുത്താന്‍ ധൈര്യമായി മുന്നോട്ടു പോകാനും തയ്യാറാകുന്ന ഒരു പാര്‍ട്ടിയാണ് സി.പി.ഐ.എം എന്ന് തെളിഞ്ഞിട്ടുണ്ടെന്നും ബേബി പറയുന്നു.

തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് എന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സി.പി.ഐ.എമ്മിന് വോട്ട് ചെയ്തുകൊണ്ടിരുന്ന കുറെയധികം ആളുകള്‍ ഇത്തവണ പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ല. അങ്ങനെ വോട്ട് ചെയ്യാന്‍ പാടുണ്ടോ. സര്‍വ്വതിനും ഉപരിയായി പാര്‍ട്ടിയുടെ താല്പര്യത്തെയാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘അതുകൊണ്ട് ജനങ്ങളോട് പറയാനുള്ളത്. ജനങ്ങള്‍ ഒരു നിലപാടെടുത്തു. ജനങ്ങള്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ഒരു വിധിയെഴുത്താണ് നടത്തിയത്. അതില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങള്‍ ഞങ്ങള്‍ പഠിക്കും. അതാണ് ജനങ്ങളോട് പറയാനുള്ളത്,’ അദ്ദേഹം പറഞ്ഞു.

വിപുലീകൃത യോഗം നടത്തുന്നത് കേന്ദ്ര കമ്മിറ്റി പറഞ്ഞിട്ടല്ല

വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം നടത്തുന്നത് കേന്ദ്ര കമ്മിറ്റി പറഞ്ഞിട്ടല്ലെന്നും ബേബി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ നടന്നു. വിപുലീകൃത യോഗം നടത്തുന്നത് നല്ലതാണോ എന്ന ചോദ്യം സംസ്ഥാന കമ്മിറ്റികള്‍ പാര്‍ട്ടി അഖിലേന്ത്യ കേന്ദ്രത്തോട് ചോദിച്ചിരുന്നു. അത് നല്ലതാണ് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റികളാണ് ഈ യോഗം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇനി നാളെയും മറ്റന്നാളും നടക്കുന്ന കേരള സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്ന റിപ്പോര്‍ട്ടാണ് വിപലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ അവലോകനവും സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ അവലോകനവും പാര്‍ട്ടിയില്‍ ഉടനീളം ചര്‍ച്ച ചെയ്തു. അത് റിപ്പോര്‍ട്ട് ചെയ്തു. അത് വീണ്ടും ചര്‍ച്ച ചെയ്യുന്നില്ല. ആ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

ആ ചര്‍ച്ചകളുടെ എല്ലാം നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എന്ത് പ്രവര്‍ത്തന പദ്ധതികളാണ് പാര്‍ട്ടി കേരളത്തില്‍ തുടര്‍ന്നുള്ള നാളുകളില്‍ സ്വീകരിക്കേണ്ടത് അതിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റി നാളെയും മറ്റന്നാളും ചര്‍ച്ച ചെയ്ത് ഒരു റിപ്പോര്‍ട്ടിന് അന്ത്യം രൂപം നല്‍കും. ആ ആ റിപ്പോര്‍ട്ടാണ് കോഴിക്കോട് വിപലീകൃത സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യുന്നത്,’ ബേബി പറഞ്ഞു.

വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അജണ്ട പാര്‍ട്ടിക്ക് ഇന്നുള്ള ബലഹീനതകള്‍ പരിഹരിച്ച് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുക എന്നതാണ്. നിങ്ങളെല്ലാം നേതൃത്വമാറ്റം ഉണ്ടാവുമെന്നും ഇല്ലെന്നും പറഞ്ഞ് ഊഹാേപാഹം നടത്തുകയാണെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.

‘വിപുലീകൃത കമ്മിറ്റിയില്‍ എന്തെല്ലാം തീരുമാനങ്ങള്‍ ഉണ്ടാകും എന്ന് അത് നടക്കാതെ മുന്‍കൂട്ടി പറയാന്‍ കഴിയില്ലല്ലോ. ഒരു തീരുമാനം ഉണ്ടാകും. അത് ഉറപ്പിച്ചു പറയാം. ഇന്ന് പാര്‍ട്ടിക്കുള്ള ബലഹീനതകള്‍ തിരുത്തി കൂടുതല്‍ ശക്തമായ ഒരു തൊഴിലാളി വര്‍ഗ്ഗ വിപ്ലവ പാര്‍ട്ടിയായി കേരളത്തിലെ സി.പി.ഐ.എം ഘടകത്തിന് മാറാന്‍ കഴിയും.

അതിനു സഹായകമായ നിലപാട് പാര്‍ട്ടിയിലെ ഓരോ സഖാവും സ്വീകരിക്കണം എന്നുള്ള ബോധം ഈ യോഗത്തോടു കൂടി ഉണ്ടാകും. അതിനുപുറമേ മറ്റെന്തെല്ലാം വേണം എന്നുള്ളത് യോഗമാണ് തീരുമാനിക്കുന്നത്. അത് ആര്‍ക്കെങ്കിലും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും,’ ബേബി പറഞ്ഞു.

Content Highlight: MA Baby Press Meet: Remarks About Extended State Committee and election Failure

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more