| Wednesday, 7th October 2026, 1:45 pm

‘താനൂരിലെ ചക്ക’ കോമഡി ഡയലോഗല്ല, മമ്മൂക്ക പറഞ്ഞപ്പോൾ പ്രേക്ഷകർ കരഞ്ഞ രംഗമാണ്; ആളുകൾ ഇപ്പോ അതിട്ട് അലക്കുകയാണ്: വി.എം. വിനു

അജ്മല്‍ കെ

മമ്മൂട്ടിയെ നായകനാക്കി വി.എം. വിനു 2004ൽ പുറത്തിറക്കിയ ചിത്രമാണ് വേഷം. ചിത്രത്തിൽ ജയിലിൽവെച്ച് മമ്മൂട്ടിയുടെ കഥാപാത്രം മോഹിനിയോട് പറയുന്ന ‘താനൂരിലേക്ക് ചക്ക തിന്നാൻ പോയപ്പോൾ ചക്കയെല്ലാം തമ്പാനൂരിലേക്ക് പോയി’ എന്ന ഡയലോഗാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ ഡയലോഗ് അടുത്തിടെ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന സിനിമയിലും ഉപയോഗിച്ചിരുന്നു.

ഇപ്പോഴിതാ ‘വേഷ’ത്തിലെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ട്രോൾ മെറ്റീരിയലായി മാറിയതിനെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ വി.എം. വിനു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇതിനെ കുറിച്ച് സംസാരിച്ചത്.

വേഷം. Photo. Screen Grab/ Youtube

‘മോഹിനിയാട്ട’ത്തിൽ ഡയലോഗ് കേട്ട് തിയേറ്ററിൽ കൂട്ടച്ചിരി ഉണ്ടായത് അത് അവതരിപ്പിച്ച രീതികൊണ്ടാണെന്നാണ് വി.എം. വിനു പറഞ്ഞു.

‘സിനിമ അവതരിപ്പിക്കുന്ന രീതിയാണ് ഒരു ഡയലോഗിനെ കോമഡിയാക്കുന്നത്. ഒരേ ഡയലോഗ് തന്നെ രണ്ട് രീതിയിൽ പറഞ്ഞാൽ ചിരി ഉണ്ടാകും, ചിലപ്പോൾ സങ്കടവും ഉണ്ടാകും. ചാർലി ചാപ്ലിന്റെ സിനിമകൾ കാണുമ്പോൾ നമുക്ക് ചിരി വരും. പക്ഷേ നമ്മുടെ ഹൃദയത്തിലേക്ക് ഏറ്റവും അധികം എത്തുന്നത് ആ കഥാപാത്രത്തിന്റെ വേദനയായിരിക്കും. അതാണ് അവതരണത്തിന്റെ പ്രത്യേകത,’ വി.എം. വിനു പറഞ്ഞു.

‘വേഷ’ത്തിലെ ആ ഡയലോഗ് ഉണ്ടായിരുന്ന രംഗം പ്രേക്ഷകരിൽ ചിരിയല്ല, വലിയ വേദനയാണ് അന്ന് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വേഷത്തിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് എടുത്ത് ഇപ്പൊ ഇവിടെ ഇട്ട് അലക്കുകയാണ്. ‘വേഷ’ത്തിന് തിയേറ്ററിൽ ഉണ്ടായ ഇംപാക്ട് എന്ന് പറയുന്നത് ആളുകൾക്ക് ഭയങ്കര കണ്ണുനിറയലും വിഷമവുമായിരുന്നു. അത്തരത്തിലുള്ള പെർഫോമൻസാണ് മമ്മൂക്ക കാഴ്ചവെച്ചത്. എതിർവശത്ത് നിൽക്കുന്ന മോഹിനിയുടെയും അതിനപ്പുറം നിൽക്കുന്ന ജഗദീഷ് കുമാറിന്റെയും റിയാക്ഷൻ മ്യൂസിക്കും എല്ലാം കൂടി ഷോട്ട് കട്ട് ചെയ്തിട്ടാണ് ആ സീനിന്റെ ഇംപാക്ട് ഉണ്ടാകുന്നത്,’ അദ്ദേഹം പറഞ്ഞു.

‘താനൂരിലേക്ക് ചക്ക തിന്നാൻ പോയപ്പോൾ ചക്കയെല്ലാം തമ്പാനൂരിലേക്ക് പോയി’ എന്നത് റസാഖ് എഴുതിയ സ്വാഭാവികമായ നാട്ടുഭാഷാ പ്രയോഗമാണെന്നും വിനു വ്യക്തമാക്കി.

‘അത് നമ്മുടെ മലയാളത്തിലുള്ളതാണ്. ‘നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽനിന്നും വരും’ എന്നൊക്കെ പറയുന്നതുപോലെയുള്ളതാണ്. ഒരു പഴഞ്ചൊല്ല് പോലെ നാട്ടിലൊക്കെ പറയുന്ന സംഭവമാണ്. എനിക്ക് ഇനി ഒന്നും പറയാനില്ല എന്ന രീതിയിൽ നമ്മൾ വെച്ചിട്ടുള്ള ഒരു പറഞ്ഞുതീർക്കലാണത്,’ വി.എം. വിനു പറഞ്ഞു.

വേഷം.Photo. IMDb

അതേ ഡയലോഗിന് വ്യത്യസ്തമായ വികാരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അതിന് കാരണം അത് അവതരിപ്പിക്കുന്ന രീതിയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

‘ഒരു ഡയലോഗ് തന്നെ ചിരിപ്പിക്കാനും വേദനിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും വെറുപ്പിക്കാനും എല്ലാം കഴിയും. അതൊക്കെ അവതരിപ്പിക്കുന്ന രീതിക്ക് അനുസരിച്ചാണ്. മോഹിനിയാട്ടത്തിൽ ആൾക്കാർക്ക് ചിരി വരുന്നുണ്ടെങ്കിൽ അത് അവതരിപ്പിച്ച രീതി സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ ആയതു കൊണ്ടാണ്,’ വിനു പറഞ്ഞു.

Content Highlight: M.V vinu talks about “Thanoorile Chakka” is not a comedy dialogue; it is a scene that moved the audience to tears when Mammootty delivered it

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more