| Tuesday, 24th June 2025, 3:21 pm

പരാജയം ജമാഅത്തെ ഇസ്‌ലാമിയും സംഘപരിവാരവും ഒരുമിച്ച് ആഘോഷിക്കുന്നു; ഒരു കമ്യൂണിസ്റ്റെന്ന നിലയില്‍ ആഹ്ലാദിക്കാന്‍ ഇതില്‍പരം എന്തുവേണം: എം.സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിനിടയിലും തനിക്ക് ആഹ്ലാദിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് എം. സ്വരാജ്.

എല്‍.ഡി.എഫിന്റെ പരാജയം ജമാഅത്തെ ഇസ്‌ലാമിയും സംഘപരിവാരും ഒരുമിച്ച് ആഘോഷിക്കുകയാണെന്നും അതിനാല്‍ ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ തനിക്ക് ആഹ്ലാദിക്കാന്‍ ഇതില്‍പ്പരം എന്തുവേണമെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

എല്‍.ഡി.എഫിന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സംഘപരിവാരാണെന്നും അവരുടെ വര്‍ഗീയവിഷ വിതരണക്കാരി മുതല്‍ ആര്‍.എസ്.എസിന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ സകല വര്‍ഗീയവാദികളും ആഘോഷത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 സ്വന്തം സ്ഥാനാര്‍ത്ഥി താമര അടയാളത്തില്‍ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകര്‍ക്കുകയാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ആഘോഷം നടത്തുന്ന സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയുമുണ്ടെന്നും സംഘപരിവാരിന്റെ നിലവാരത്തില്‍ ആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് ഈ പരാജയം അവരും ആഘോഷിക്കുന്നുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്‌ലാമിക സംഘപരിവാരവും കൈകോര്‍ത്തു നിന്ന് അക്രമിക്കുന്നുവെങ്കില്‍, സകല നിറത്തിലുമുള്ള വര്‍ഗീയ ഭീകരവാദികള്‍ ഒരുമിച്ച് അക്രമിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്നും സ്വരാജ് പറഞ്ഞു.

‘എല്‍.ഡി.എഫിന്റെ പരാജയം/യു.ഡി.എഫിന്റെ വിജയം തങ്ങള്‍ക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്‌ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാന്‍ ഇതില്‍പരം എന്തു വേണം,’ സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: M. Swaraj says RSS and Jamaat-e-Islami celebrating LDF’s defeat together

We use cookies to give you the best possible experience. Learn more