| Monday, 28th July 2025, 9:00 pm

വി.എസിനെ വീണ്ടും വിവാദങ്ങളില്‍ തളച്ചിടാന്‍ ഒരു കൂട്ടം മാധ്യമങ്ങള്‍ ശ്രമിക്കുന്നു: എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചിതയുടെ ചൂട് വിട്ടുമാറും മുമ്പ് വി.എസിനെ ആക്രമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ നടന്ന വി.എസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദത്തില്‍ എം. സ്വരാജ് മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു. വി.എസിനെ വിവാദങ്ങളില്‍ വീണ്ടും തളച്ചിടാന്‍ ഒരു കൂട്ടം മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും ഏവരുടെയും ഇഷ്ടത്തിന് പാത്രമായ വി.എസിനെ ആക്രമിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവാനായ കാലത്ത് വി.എസ് എല്ലാത്തിനും മറുപടി നല്‍കിയിരുന്നുവെന്നും മാധ്യമങ്ങളുടേത് കല്പിത കഥകളാണെന്നും എം. സ്വരാജ് സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇന്ന് വി.എസ് ജീവിച്ചിരിപ്പില്ല എന്ന ധൈര്യമാണ് മാധ്യമങ്ങള്‍ക്കെന്നും സ്വരാജ് വിമര്‍ശിച്ചു.

വി.എസ് എന്ന രണ്ടക്ഷരത്തെ വിവാദത്തില്‍ കുരുക്കാനാണ് ശ്രമമെന്നും ഇത് അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവിനെയാണ് വി.എസിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും എം.സ്വരാജ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തെ വിഭാഗീയതയുടെയും വിവേചനത്തിന്റെയും അടയാളമാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും ഈ ആക്രമണ ശൈലി മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും സി.പി.ഐ.എം നേതാവ് പറഞ്ഞു.

വി.എസിന്റെ വിയോഗശേഷവും ക്യാപിറ്റല്‍ പണിഷ്മെന്റ് വിവാദം വീണ്ടും ഉയരുകയായിരുന്നു. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം പിരപ്പന്‍കോട് മുരളിയുടെ തുറന്നുപറച്ചിലിന് പിന്നാലെ മുന്‍ സി.പി.ഐ.എം എം.പിയും എം.എല്‍.എയുമായ സുരേഷ് കുറുപ്പും വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു.

2015ലെ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടി വി.എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും അധിക്ഷേപം സഹിക്കാനാവാതെ വി.എസ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമായിരുന്നു മാതൃഭൂമി വാരാന്തപ്പതിപ്പിലെ അനുസ്മരണത്തില്‍ സുരേഷ് കുറുപ്പ് പറഞ്ഞത്.

Content Highlight: M Swaraj Says a group of media is trying to drag VS into controversies again

We use cookies to give you the best possible experience. Learn more