| Thursday, 8th May 2025, 5:42 pm

രണ്ടാം ലോകയുദ്ധം എന്നു കേട്ടയുടന്‍ 'ഹായ് യുദ്ധം' എന്നും പറഞ്ഞ് ചാടിയിറങ്ങിയവരല്ല ചെമ്പട; 'നവമാധ്യമങ്ങളില്‍ ഇടത്പക്ഷക്കാരെന്ന് പറഞ്ഞ് പ്രത്യക്ഷപ്പെടുന്നവര്‍ക്ക്' എം. സ്വരാജിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യുദ്ധാസക്തിയെക്കുറിച്ചും ഇന്ത്യ-പാക് സംഘര്‍ഷത്തിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്നലെ നടത്തിയ പ്രതികരണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. ഇന്നലെ പങ്കുവെച്ച പോസ്റ്റിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു എം. സ്വരാജ്.

യുദ്ധാസക്തരുടെ വിലാപങ്ങള്‍ അപ്രതീക്ഷിതമല്ലെന്നും നവമാധ്യമങ്ങളിലും ചാനലുകളിലും യുദ്ധദാഹം അണപൊട്ടി ഒഴുകുന്നത് കണ്ടപ്പോഴാണ് ഇന്നലെ ഒരു യുദ്ധവിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തതെന്ന്‌ എം. സ്വരാജ് പറഞ്ഞു.

നമ്മുടെ നാട്ടില്‍ യുദ്ധാസക്തി ഭ്രാന്തമായി പടരുന്നുണ്ടെന്നും അതിനെ എതിര്‍ക്കാതെ വയ്യെന്നും സ്വരാജ് പുതിയ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിരപരാധികളെ കൊന്നു തള്ളുന്ന ഭീരുക്കളാണ് ഭീകരര്‍, ഭീകരത തുടച്ചുനീക്കപ്പെടേണ്ടതാണ്, അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്താന്‍, പഹല്‍ഗാം ഭീകരാക്രമണത്തിന് ഏറ്റ തിരിച്ചടിയില്‍ നിന്നും പാകിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളണം, ഇവിടം കൊണ്ട് ഇത് അവസാനിക്കണം എന്നിങ്ങനെയുള്ള പോയിന്റുകള്‍ ഇന്നലെത്തെ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കേന്ദ്രസര്‍ക്കാരിനെതിരായി നേരിയ ഒരു വിമര്‍ശനം പോലും കുറിപ്പില്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിനെ സംഘപരിവാര്‍ പിന്തുണയ്ക്കുമോ എന്ന ഭയവും ആശങ്കയും തനിക്ക് ഉണ്ടായിരുന്നതായും സ്വരാജ് പറഞ്ഞു. ഇന്നേവരെ തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെയും സംഘപരിവാര്‍ പിന്തുണച്ചിട്ടില്ല. അതിനാല്‍ ആദ്യമായി അങ്ങനെ ഒന്നുണ്ടായാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് എന്തുകാര്യമെന്നും അദ്ദേഹം പുതിയ പോസ്റ്റിലൂടെ ചോദിച്ചു.

സ്വരാജിന്റെ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ഇടത് ഹാന്‍ഡിലില്‍ നിന്നടക്കം പോസ്റ്റിനെതിരെ വലിയ വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യവും സ്വരാജ് തന്റെ പുതിയ പോസ്റ്റില്‍ അഡ്രസ് ചെയ്യുന്നുണ്ട്.

‘കുറിപ്പ് പോസ്റ്റ് ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കണക്കുകൂട്ടല്‍ അണുവിട പോലും തെറ്റിയിട്ടില്ല എന്ന് തെളിഞ്ഞു. അതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കുക വയ്യ. എന്നാല്‍ കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി സംഭവിച്ചു എന്നതാണ് കൗതുകകരം. നവമാധ്യമങ്ങളില്‍ ഇടതുപക്ഷക്കാര്‍ എന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്ന വിരലിലെണ്ണാവുന്ന ചിലര്‍ പെട്ടന്ന് സന്ദേഹികളായി മാറി. യുദ്ധം വേണ്ടിവരില്ലേ? സോവിയറ്റ് യൂണിയന്‍ യുദ്ധം ചെയ്തില്ലേ?എന്നൊക്കെയാണ് ഇക്കൂട്ടരുടെ സന്ദേഹം. നാസിപ്പടയെ തോല്‍പിച്ചത് യുദ്ധം ചെയ്തിട്ടല്ലേ എന്നൊക്കെയാണ് ഇവര്‍ ചോദിക്കുന്നത്,’ സ്വരാജ് പറഞ്ഞു.

എന്നാല്‍ രണ്ടാം ലോകയുദ്ധം എന്നു കേട്ടയുടന്‍ ഹായ് യുദ്ധം എന്നും പറഞ്ഞ് ചാടിയിറങ്ങിയവരല്ല ചെമ്പടയെന്ന് ഇക്കൂട്ടര്‍ മറന്നതായി തോന്നുന്നുവെന്ന് പരിഹസിച്ച സ്വരാജ് യുദ്ധം ഒഴിവാക്കാന്‍ നടത്തിയ സോവിയറ്റ് പരിശ്രമം ഇക്കൂട്ടര്‍ക്ക് ഓര്‍മയില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ അക്രമിക്കപ്പെട്ടപ്പോള്‍ യുദ്ധമല്ലാതെ മറ്റു വഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് സോവിയറ്റ് യൂണിയന്‍ യുദ്ധത്തിനിറങ്ങിയതെന്ന് കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘ഹിറ്റ്‌ലറെ കീഴടക്കിക്കഴിഞ്ഞ ഉടനേ യുദ്ധവെറിയുമായി മറ്റു രാഷ്ടങ്ങളെ കീഴടക്കാനല്ല മറിച്ച് ലോക സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സ്റ്റാലിനും സോവിയറ്റ് യൂണിയനും മുന്‍കയ്യെടുത്തത്. ലോകസമാധാന കൗണ്‍സില്‍ ( ഡബ്ല്യു.പി.സി ) നിലവില്‍ വന്നത് അങ്ങനെയാണ് .
ലോകസമാധാന കൗണ്‍സിലിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരും അണിനിരന്നിട്ടുള്ള എ.ഐ.പി.എസ്.ഒ എന്ന ഒരു സമാധാന പ്രസ്ഥാനം ഇന്ത്യയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെങ്കിലും ഇക്കൂട്ടര്‍ ഓര്‍ക്കണം,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനിടയില്‍ മുമ്പ് ഫലസ്തീനെ പിന്തുണച്ചതിനെതിരെ വിമര്‍ശിച്ചവരുണ്ടെന്നും സ്വരാജ് പറഞ്ഞു. എന്നാല്‍ പശ്ചിമേഷ്യേയുടെ ചരിത്രത്തിലുടനീളം ഇസ്രഈലാണ് യുദ്ധഭീകരത സൃഷ്ടിച്ചത്. സര്‍വവും അപഹരിക്കപ്പെട്ട, മുക്കാല്‍പങ്ക് മനുഷ്യരും കൊല്ലപ്പെട്ട ഒരു ജനതയെന്ന നിലയില്‍ ഫലസ്തീനികള്‍ക്ക് പൊരുതുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ യുദ്ധവിരുദ്ധ നിലപാടു തന്നെയാണ് ഫലസ്തീനികള്‍ക്കുള്ള ഉപാധിരഹിത പിന്തുണയെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.

‘ഇന്ത്യയ്ക്കും മറ്റു വഴിയില്ലാതായാല്‍ യുദ്ധം ചെയ്യണ്ടി വരില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഇന്ത്യ ഇപ്പോഴും യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും യുദ്ധം ഒഴിവാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇക്കൂട്ടര്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല. പാകിസ്ഥാനിലെ ഭീകരവാദികളുടെ പരിശീലന കേന്ദ്രങ്ങള്‍ മാത്രം തിരഞ്ഞു പിടിച്ചു തകര്‍ക്കുന്ന സൈനിക നടപടിയാണ് ഇന്ത്യ നടത്തിയത് . ഇന്ത്യ വ്യക്തമാക്കിയത് പോലെ ഇത് ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ്. യുദ്ധമല്ല. ഈ നടപടിയെ സിപിഐ (എം) ഉള്‍പ്പെടെ ഇന്ത്യയില്‍ എല്ലാവരും പിന്തുണച്ചതുമാണ്. അതില്‍ ഒരു തര്‍ക്കവും നിലവിലില്ല,’ സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ തിരിച്ചടിയില്‍ നിന്നും പാകിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളണമെന്നും എല്ലാം ഇവിടെ അവസാനിപ്പിക്കണമെന്നുമാണ് ഇന്നലത്തെ കുറിപ്പില്‍ സ്വരാജ് വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിക്കൊണ്ട് പാകിസ്ഥാന്‍ യുദ്ധാന്തരീക്ഷം ഉണ്ടാക്കുന്നു എന്നും അത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്നും വ്യക്തമായി തന്നെ സൂചിപ്പിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് യുദ്ധവിരുദ്ധ നിലപാടും വിശദീകരിച്ചു.

എന്നാല്‍ ഇതില്‍ എവിടെയാണ് സന്ദേഹികളുടെ പ്രശ്‌നം എന്ന് മനസ്സിലാവുന്നില്ലെന്ന് സ്വരാജ് പറയുന്നു. വന്‍തോതില്‍ പടര്‍ന്നുപിടിക്കുന്ന യുദ്ധാസക്തിയുടെ പിടിയില്‍ ഈ കൂട്ടരും വീണുപോയി എന്ന് തോന്നുന്നു. അത്രമാത്രം വിപല്‍ക്കരമാണ് ജനങ്ങള്‍ക്കിടയില്‍ പടരുന്ന യുദ്ധാഭിമുഖ്യം എന്നതാണ് വസ്തുത. എന്നാല്‍ ലോകത്തെവിടെയും ഒരു കമ്മ്യൂണിസ്റ്റുകാരന് യുദ്ധാസക്തനാവാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകസമാധാനം എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ചത് തന്നെ വേള്‍ഡ് പീസ് കൗണ്‍സിലും കമ്മ്യൂണിസ്റ്റുകാരുമാണ്. മനുഷ്യന്‍ മനുഷ്യനെയും രാഷ്ട്രം രാഷ്ട്രത്തെയും ചൂഷണം ചെയ്യാത്ത കാലമാണ് കമ്യൂണിസ്റ്റുകാരുടെ സ്വപ്നമെന്ന് ഇടതു നാട്യ സന്ദേഹികള്‍ മനസിലാക്കണം. യുദ്ധങ്ങളില്ലാത്ത സാഹോദര്യത്തിന്റെ ലോകമാണ് കമ്യൂണിസം . ഇന്ത്യ ഇന്നുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത യുദ്ധത്തില്‍ ഇന്നലെ തന്നെ അണിനിരക്കാന്‍ കുറെ യുദ്ധാസക്തര്‍ ഇറങ്ങിയിരിക്കുകയാണെന്നും സ്വരാജ് പരിഹസിച്ചു. യുദ്ധാസക്തി ഒരു സാംക്രമിക രോഗം പോലെ സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

വാര്‍ ഗെയിമുകളിലൂടെ വളര്‍ന്നുവന്ന ഒരു തലമുറയെ യുദ്ധഭ്രാന്തരാക്കാന്‍ എത്ര എളുപ്പമാണ് എന്ന് ഈ സംഭവത്തോടെ തെളിയുന്നുവെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ശക്തിയോടെ യുദ്ധവിരുദ്ധ പ്രചാരണം ഏറ്റെടുക്കേണ്ട സമയമായെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ആണവ യുദ്ധാനന്തരം മനുഷ്യരുമുണ്ടാവില്ല. അതിനാല്‍ തന്നെ ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്ന് ഒരു വരിയോ വാക്കോ മാറ്റേണ്ട കാര്യമില്ലെന്ന് പുതിയ പോസ്റ്റില്‍ സ്വരാജ് വ്യക്തമാക്കി. അതിനാല്‍ കുത്തോ കോമയോ പോലും നീക്കേണ്ട ആവശ്യവുമില്ലെന്നും പറഞ്ഞാണ് സ്വരാജിന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlight: M Swaraj’s response to criticism about his facebook post about India-Pak war and anti war remarks

We use cookies to give you the best possible experience. Learn more