| Thursday, 26th June 2025, 5:30 pm

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സി.പി.ഐ.എം നേതാവ് എം. സ്വരാജിന് 2024ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. എന്‍ഡോവ്‌മെന്റ് വിഭാഗത്തിലെ മികച്ച ഉപന്യാസത്തിനുള്ള സിബി കുമാര്‍ അവാര്‍ഡാണ് സ്വരാജിന്റെ പൂക്കളുടെ പുസ്തകം എന്ന കൃതിക്ക് ലഭിച്ചത്. ജി. ആര്‍. ഇന്ദുഗോപന്റെ ആനോ മികച്ച നോവലിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

എഴുത്തുകാരായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം.എം. നാരായണന്‍, പി.കെ.എന്‍. പണിക്കര്‍, ടി.കെ. ഗംഗാധരന്‍, കെ.ഇ.എന്‍, മല്ലിക യൂനിസ് എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

കെ.വി. രാമകൃഷ്ണനേയും ഏഴാച്ചേരി രാമചന്ദ്രനേയും കഴിഞ്ഞ വര്‍ഷത്തെ അക്കാദമിയുടെ വിശിഷ്ടംഗത്വ ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

കവിത വിഭാഗത്തില്‍ അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് പുരസ്‌കാരത്തിനര്‍ഹയായി. ശശിധരന്‍ നടുവിലിന്റെ പിത്തളശലഭമാണ് മികച്ച നാടകം.

മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ഇ.എന്‍. ഷീജയുടെ അമ്മമണമുള്ള കനവുകള്‍ എന്ന കൃതിക്ക് നേടി. വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ ടി.എസ്. ശ്യാംകുമാറിന് എന്‍ഡോവ്‌മെന്റ് വിഭാഗത്തില്‍ ആരുടെ രാമന്‍ എന്ന കൃതിക്ക് ജി.എന്‍. പിള്ള അവാര്‍ഡ് ലഭിച്ചു.

മികച്ച ചെറുകഥയ്ക്കുള്ള അവാര്‍ഡ് വി. ഷിനിലാലിന്റെ ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്രയ്ക്ക് ലഭിച്ചു. മികച്ച സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്‌കാരം സഞ്ചാരങ്ങളിലൂടെ ജി. ദിലീപന്‍ സ്വന്തമാക്കി.

ഹാസ്യ സാഹിത്യ വിഭാഗത്തില്‍ കേരളത്തിന്റെ മൈദാത്മകത വറുത്തരച്ച ചരിത്രത്തോടൊപ്പം എന്ന പുസ്തകത്തിന് നിരഞ്ജന്‍ കരസ്ഥമാക്കി. അതേസമയം വിലാസിനി പുരസ്‌കാരത്തിന് ആരും അര്‍ഹരായില്ല. മാദണ്ഡങ്ങള്‍ അനുസരിച്ചുള്ള കൃതികള്‍ ലഭിക്കാത്തതാണ് കാരണം.

Content Highlight: M. Swaraj receives Kerala Sahitya Akademi Endowment Award

We use cookies to give you the best possible experience. Learn more