കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്റെ രാജ്യസഭ നാമനിര്‍ദേശത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് എം. സ്വരാജ്. ഒരു കാലത്ത് കണ്ണൂരിനെ അശാന്തമാക്കാന്‍ നേതൃത്വം കൊടുത്ത സദാനന്ദനെപ്പോലൊരാളെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതില്‍ മാധ്യമങ്ങള്‍ ആഹ്ലാദിക്കുന്നതായാണ് കാണുന്നതെന്ന് സ്വരാജ് പറഞ്ഞു.
സാഹിത്യ, ശാസ്ത്ര, കലാ, സാമൂഹ്യ പ്രവര്‍ത്തന രംഗങ്ങളില്‍ അതികായരായി ദേശീയ പ്രശസ്തി നേടിയ പ്രതിഭകളെയാണ് നാമനിര്‍ദേശം ചെയ്യേണ്ടതെന്ന് ഭരണഘടനയില്‍ പറയുന്നതിന് വിരുദ്ധമായാണ് രാഷ്ട്രപതിയുടെ നാമനിര്‍ദേശം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ആര്‍ജവം മാധ്യമങ്ങള്‍ കാണുന്നില്ലെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യസഭാ നാമനിര്‍ദേശത്തില്‍ രാഷ്ട്രീയ താത്പര്യം കലരുന്നത് മുമ്പും ചര്‍ച്ചയായിട്ടുണ്ടെങ്കിലും പക്ഷെ ഇതുപോലൊന്ന് കേട്ടിട്ടില്ലെന്നും സ്വരാജ് പരിഹസിച്ചു. സി. സദാനന്ദന്‍ ഏതു രംഗത്തെ പ്രതിഭയാണ് എന്ന് ചോദിക്കാന്‍ നാലാം തൂണുകളായ മാധ്യമങ്ങള്‍ക്ക് നാവു പൊങ്ങുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലത മങ്കേഷ്‌കറും സച്ചിന്‍ ടെന്‍ഡുല്‍കറും ഒക്കെ പരിഗണിക്കപ്പെട്ട സ്ഥാനത്തേക്കാണ് ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വരുന്നത്. ‘സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ രംഗത്തെ മികവിനുമാണ് നാമനിര്‍ദേശം’ എന്ന് മാതൃഭൂമി വാര്‍ത്ത കൊടുത്തിട്ടുണ്ടെങ്കിലും
ആ വാര്‍ത്തയില്‍ തന്നെ പ്രധാനമന്ത്രി നല്‍കിയ സന്ദേശത്തില്‍ അങ്ങനെയല്ലെന്നും വ്യക്തമായതായി സ്വരാജ് കൂട്ടിച്ചേര്‍ത്തു.
‘കേരളത്തില്‍ അക്രമരാഷ്ട്രീയമാണെന്ന ആരോപണം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനാണ് പരിപാടി’യെന്നാണ് മനോരമപത്രം പറഞ്ഞത്. പക്ഷെ അവിടെ ഭരണഘടനാ ലംഘനം നടന്നുവെന്ന് പറയാന്‍ മനോരമയ്ക്ക് വയ്യ. ബി.ജെ.പിക്ക് അവരുടെ വൈസ് പ്രസിഡന്റിനെ രാജ്യസഭയിലേക്ക് അയക്കാമെന്നും അത് ബി.ജെ.പിക്ക് സ്വാധീനമുള്ള ഏതെങ്കിലും സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടിയുടെ പ്രതിനിധിയായി ആയിട്ടാകണമെന്നും അല്ലാതെ ഭരണഘടനയെയും പ്രതിഭകളെയും അപമാനിച്ചുകൊണ്ടാവരുതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നോമിനേറ്റ് ചെയ്തത്. വിദ്യാഭ്യാസ വിദഗ്ദന്‍ എന്ന പദവിയിലാണ് നോമിനേറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.
സദാനന്ദന് പുറമെ മുന്‍ ഫോറിന്‍ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, അഭിഭാഷകനായ ഉജ്ജ്വല്‍ നിഗം, ചരിത്രകാരിയായ മീനാക്ഷി ജെയിന്‍ എന്നിവരെയും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തിരുന്നു. ആര്‍.എസ്.എസ് ജില്ലാ സര്‍കാര്യവാഹക് ആയിരിക്കെ കണ്ണൂര്‍ സ്വദേശിയായ സദാനന്ദന് സി.പി.ഐ.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടിരുന്നു.
Content Highlight: M. Swaraj criticize C. Sadanandan’s Rajya Sabha nomination