| Monday, 19th January 2026, 8:33 pm

ഇടതുപക്ഷത്തിനെതിരെ വര്‍ഗീയ ചാപ്പയുമായി ഇറങ്ങുന്നവരെ കേരളം തിരിച്ചറിയും; സജി ചെറിയാനെ പിന്തുണച്ച് എം. ശിവപ്രസാദ്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: സമുദായത്തിന് വേണ്ടി അധികാരം പിടിക്കണമെന്ന് പറഞ്ഞ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ വിമര്‍ശിക്കാന്‍ തയ്യാറാവാത്തവരാണ് മന്ത്രി സജി ചെറിയാനെ ലക്ഷ്യമിടുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.

കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും വിമര്‍ശിച്ചുകൊണ്ടാണ് ശിവപ്രസാദിന്റെ പ്രതികരണം.

‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം, സമുദായത്തിന് വേണ്ടി അധികാരം പിടിക്കണം…. ഇങ്ങനെ പ്രസംഗിച്ച കെ.എം. ഷാജിയെ ഒരു വരിയില്‍ വിമര്‍ശിക്കാനോ തിരുത്താനോ തള്ളി പറയാനോ തയ്യാറാവാത്ത കേരളത്തിലെ കോണ്‍ഗ്രസിനും വലതുപക്ഷ മാധ്യമങ്ങള്‍ക്കും സജി ചെറിയാന്‍ ഉയര്‍ത്തിയ രാഷ്ട്രീയ വിഷയത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ആവേശമുണ്ടാവുന്നതിന്റെ ലക്ഷ്യം കേരളത്തിന് കൃത്യമായി മനസിലാകും,’ എന്ന് ശിവപ്രസാദ് ഫേസ്ബുക്കില്‍ എഴുതി.

വര്‍ഗീയവാദികളെ ഒക്കത്തിരുത്തി അധികാരത്തിന് വേണ്ടി ഇടതുപക്ഷത്തിനെതിരെ വര്‍ഗീയ ചാപ്പയുമായി ഇറങ്ങുന്നവരെ കേരളം തിരിച്ചറിയുമെന്നും ശിവപ്രസാദ് പറഞ്ഞു. വര്‍ഗീയതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ഇടതുപക്ഷം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍ഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ മതിയെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

സംഭവം വിവാദമായതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ മന്ത്രിയും എം.എല്‍.എയുമായ രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ സജി ചെറിയനെതിരെ രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ ഒരു തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവര്‍ക്ക് സി.പി.ഐ.എം തീപ്പന്തം എറിഞ്ഞുകൊടുക്കുന്നു എന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.

ന്യൂനപക്ഷത്തെ വര്‍ഗീയതയെ വളര്‍ത്തിയത് സി.പി.ഐ.എമ്മാണെന്ന് പി.എം.എ സലാമും വിമര്‍ശിച്ചു. സി.പി.ഐ.എം വര്‍ഗീയ കാര്‍ഡ് കളിക്കാൻ ശ്രമിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

പിന്നാലെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തി. താനൊരു മതേതരവാദിയാണെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ക്കുന്ന വ്യക്തിയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും മന്ത്രി പ്രതികരിച്ചു. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് തടയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlight: M.Sivaprasad supports Saji Cherian in controversial statement

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more