| Thursday, 12th February 2026, 3:45 pm

സതീശന്‍ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുന്നത് ഓന്തുകളുടെ പ്രത്യേക നിലനില്‍പ്പിനെ; പണിമുടക്കിനിടെ പുതുയുഗ യാത്ര തുടരുന്നതില്‍ എം. ശിവപ്രസാദ്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരായ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് ‘പുതുയുഗ യാത്ര’ തുടരുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമര്‍ശിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.

തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നല്ലാതെ കേരളത്തിലെ കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എന്ത് തൊഴില്‍ നിയമമെന്ന് ശിവപ്രസാദ് ചോദിച്ചു.

ബി.ജെ.പിയുടെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ നിന്ന് വന്ന മെയില്‍ വായിച്ച് തൊഴിലാളികള്‍ നാടിനും ജീവനും വേണ്ടി നടത്തുന്ന പണിമുടക്കിനെ വി.ഡി. സതീശന്‍ പരസ്യമായി തള്ളിപ്പറയുകയാണെന്നും ശിവപ്രസാദ് വിമര്‍ശിച്ചു.

പണിമുടക്കിനെ തള്ളിപ്പറഞ്ഞ ശേഷം പൊതുയോഗത്തിന് പോയി താന്‍ ഇടതുപക്ഷമാണെന്ന് പ്രസംഗിക്കുന്ന വി.ഡി. സതീശന്‍, യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുന്നത് ഓന്തിനും കാണ്ടാമൃഗത്തിനും മാത്രമുള്ള അവരുടെ വര്‍ഗ സ്വഭാവത്തിലെ പ്രത്യേകതയുടെ നിലനില്‍പ്പിനെ കൂടിയാണെന്നും പരിഹാസമുണ്ട്.

‘ആഹ്വാനം ചെയ്ത ദല്‍ഹിയില്‍ പോലും പണിമുടക്കില്ല’ എന്ന് വി.ഡി. സതീശന്‍ പറയുമ്പോള്‍ ബി.ജെ.പിയുടെ അഖിലേന്ത്യ പ്രസിഡന്റ്, തന്റെ പണി മനോഹരമായി കേരളത്തില്‍ നിര്‍വഹിക്കുന്ന സതീശനെ ഓര്‍ത്ത് അഭിമാനിക്കുമെന്നും ആശീര്‍വാദം നല്‍കുമെന്നും ശിവപ്രസാദ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്കിന്റെ ആവശ്യകത എന്തെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയില്ലെന്ന് വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന പ്രചാരണം നടന്നിട്ടില്ല. എളമരം കരീമിന്റെ സി.ഐ.ടി.യു പോലും ഒന്നും ചെയ്തതായി കണ്ടിട്ടില്ല. എന്നാല്‍ പുതുയുഗ യാത്രയെ തങ്ങള്‍ ഒരു പ്രചാരണ മാര്‍ഗമായി കണ്ടുവെന്നും പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചിരുന്നു.

കേരളത്തില്‍ മാത്രമാണ് ഇത്തരത്തില്‍ ഹര്‍ത്താല്‍ നടക്കുന്നതെന്നും മറ്റൊരു സംസ്ഥാനത്തും പണിമുടക്ക് ഒരു കാലത്തും വിജയിപ്പിക്കാന്‍ കഴിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. സി.പി.ഐ.എം ഭരണത്തില്‍ ഉണ്ടായിരുന്ന സമയത്ത് ത്രിപുരയിലും ബംഗാളിലും പോലും പണിമുടക്ക് വിജയിപ്പിക്കാന്‍ ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlight: M. Sivaprasad criticizes the VD Satheesan for continuing the Congress’ ‘Puthuyuga Yatra journey as the national strike progresses

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more