| Monday, 17th March 2025, 7:37 pm

രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ ചെയ്തത് വലിയ തെറ്റ്; തുറന്ന് പറഞ്ഞ് ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

2019 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ എം.എസ്. ധോണി തനിക്ക് പറ്റിയ വലിയ തെറ്റിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. രാജസ്ഥാനെതിരെയുള്ള ചെന്നൈയുടെ റണ്‍ ചെയ്‌സിങ്ങിലെ അവസാന ഓവറില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ അരക്കെട്ടിന് ബൗളര്‍ ഒരു ഫുള്‍ ടോസ് എറിഞ്ഞു.

നോണ്‍-സ്‌ട്രൈക്കറുടെ എന്റില്‍ അമ്പയര്‍ അത് നോ-ബോള്‍ വിളിച്ചു, പക്ഷെ സക്വയര്‍ ലെഗ് അമ്പയര്‍ അദ്ദേഹത്തിന്റെ തീരുമാനം റദ്ദാക്കി, ഡെലിവറി നോ ബോള്‍ അല്ലെന്ന് വിധിച്ചു. ഇത് ധോണിക്ക് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ ധോണി ഫീല്‍ഡില്‍ കയറി അമ്പയര്‍മാരുമായി തര്‍ക്കിക്കാന്‍ തുടങ്ങി.

താന്‍ അന്ന് ചെയ്തത് വലിയ തെറ്റാണെന്നാണ് തുറന്ന് പറഞ്ഞിരിക്കുകയാണ് ധോണി. വലിയ മത്സരങ്ങളില്‍ ദേഷ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ശാന്തത പാലിക്കുന്നതാണ് ഏറ്റവും മികച്ച കാര്യമെന്നും ധോണി പറഞ്ഞു. മാസ്റ്റര്‍കാര്‍ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ധോണി ഈ കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

ധോണി പറഞ്ഞത്

‘പലപ്പോഴായി ഞാന്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. ഐ.പി.എല്‍ മത്സരങ്ങളില്‍ ഞാന്‍ ഗ്രൗണ്ടില്‍ കയറി വലിയൊരു തെറ്റായിരുന്നു ചെയ്തത്. എല്ലാ മത്സരങ്ങളിലും ജയിക്കാനാണ് ആഗ്രഹിക്കുന്നത്, സാഹചര്യം വഷളാകുമ്പോള്‍ വായ അടച്ച് മാറിനില്‍ക്കുന്നതാണ് നല്ലത്. സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ അവ നിങ്ങളെ സഹായിക്കുമെന്ന് ആഴത്തില്‍ വിശ്വസിക്കുക,’ എം.എസ്. ധോണി പറഞ്ഞു.

ചെന്നൈയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പയും ധോണി തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നെന്ന് മുമ്പ് പറഞ്ഞിരുന്നു.

‘ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു, അദ്ദേഹം അസ്വസ്ഥനായിരുന്നു. നോണ്‍-സ്‌ട്രൈക്കര്‍ അമ്പയര്‍ നോ-ബോള്‍ വിളിച്ചപ്പോള്‍ തീരുമാനം നിലനില്‍ക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം ഫീല്‍ഡിലേക്ക് പോയി, പക്ഷേ കുറച്ച് സമയത്തിന് ശേഷം അതില്‍ ഖേദിച്ചു,’ ജിയോ സിനിമയില്‍ ഉത്തപ്പ പറഞ്ഞത്.

അതേസമയം വിരമിക്കല്‍ തീരുമാനം മാറ്റി വെച്ച് 2025ലെ ഐ.പി.എല്ലിലും ചെന്നൈക്ക് വേണ്ടി മത്സരിക്കാനിരിക്കുകയാണ് ധോണി. ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ധോണിയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നത്.

ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഐ.പി.എല്ലിലെ വമ്പന്‍മാരായ ചെന്നൈ മാര്‍ച്ച് 23ന് മുംബൈക്കെതിരെയാണ് ഏറ്റുമുട്ടുന്നത്.

Content Highlight: M.S. Dhoni Talking About His Big Mistake In 2019 IPL Match Against Rajasthan Royals

We use cookies to give you the best possible experience. Learn more