| Thursday, 4th September 2025, 1:02 pm

ചെന്നൈ സൂപ്പര്‍കിങ്‌സിന് വമ്പന്‍ സര്‍പ്രൈസ്; കാര്യങ്ങള്‍ ഇങ്ങനെ...!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് ഏറെ സന്തോഷിക്കാനുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ റേവ് സ്‌പോര്‍ട്‌സ് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം സൂപ്പര്‍താരം എം.എസ്. ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അടുത്ത സീസണ്‍ കളിക്കും എന്നാണ് അറിയാന്‍ സാധിക്കുന്നത്. കഴിഞ്ഞ സീസണില്‍ ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതിനെപ്പറ്റി ധോണി ഔദ്യോഗികമായി ഒന്നും തന്നെ പറഞ്ഞില്ല.

ധോണി ഐ.പി.എല്ലില്‍ നിന്ന് വിരമിക്കേണ്ട സമയമായെന്നും താരത്തിന്റെ ഫിറ്റ്‌നസ് നഷ്ടപ്പെട്ടെന്നും പല മുന്‍ താരങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ധോണിയെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. വീണ്ടും ധോണി ചെന്നൈയുടെ മഞ്ഞ കുപ്പായം ധരിച്ച് കളത്തില്‍ എത്തുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

ഐ.പിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി 2008ല്‍ അരങ്ങേറ്റം കുറിച്ച താരമാണ് ധോണി. 278 മത്സരങ്ങളില്‍ നിന്നും ടീമിനുവേണ്ടി 5439 റണ്‍സാണ് ധോണി അടിച്ചെടുത്തത്. അതില്‍ 84 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഉള്‍പ്പെടുന്നു. 38.30 എന്ന ആവറേജും 137.45 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ധോണിക്കുള്ളത്. ഫോര്‍മാറ്റില്‍ 24 അര്‍ധ സെഞ്ച്വറികള്‍ ധോണി നേടി. 375 ഫോറും 264 സിക്‌സും താരത്തിനുണ്ട്.

2025 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 196 റണ്‍സാണ് താരം നേടിയത്. മധ്യനിരയില്‍ ബാറ്റ് ചെയ്ത ധോണി 30 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറായിരുന്നു നേടിയത്. പല മത്സരങ്ങളിലും ധോണി ടോപ്പ് ഓര്‍ഡറില്‍ ഇറങ്ങാത്തതില്‍ മുന്‍ താരങ്ങള്‍ വിമര്‍ശനം ഉന്നയിച്ചുരംഗത്ത് വന്നിരുന്നു.

അതേസമയം 2025ലെ ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: M.S Dhoni si set to joing with CSK For another IPL season in 2026

We use cookies to give you the best possible experience. Learn more